ആലപ്പുഴ: കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ വാശിയും പണക്കൊഴുപ്പും നിറഞ്ഞ തിരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നതെന്ന് വെള്ളാപ്പള്ളി നടേശൻ. സംസ്ഥാനത്...
ആലപ്പുഴ: കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ വാശിയും പണക്കൊഴുപ്പും നിറഞ്ഞ തിരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നതെന്ന് വെള്ളാപ്പള്ളി നടേശൻ. സംസ്ഥാനത്ത് പല മണ്ഡലങ്ങളിലും കടുത്ത ത്രികോണ മത്സരമാണ് അരങ്ങേറുന്നതെന്നും വോട്ടെടുപ്പ് ദിനത്തിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
വ്യക്തിപരമായ അഭിപ്രായത്തിൽ പിണറായി വിജയൻ തന്നെ വീണ്ടും മുഖ്യമന്ത്രിയാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം വ്യക്തമാക്കി. പിണറായിയുടെ ഭരണം മികച്ചതാണെന്നും എൽ.ഡി.എഫിന് മൂന്നാം ഊഴത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു.
യു.ഡി.എഫിൽ പലരും മുഖ്യമന്ത്രി കസേര സ്വപ്നം കണ്ട് കാത്തിരിക്കുകയാണ്. മൂന്നോ നാലോ നേതാക്കളാണ് കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തിനായി മത്സരരംഗത്തുള്ളതെന്നും അദ്ദേഹം പരിഹസിച്ചു. ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ മുന്നണി ഇത്തവണ വോട്ട് വിഹിതം വർദ്ധിപ്പിക്കും. എന്നാൽ അവർ നിയമസഭയിൽ അക്കൗണ്ട് തുറക്കുമോ എന്ന കാര്യത്തിൽ അദ്ദേഹം സംശയം പ്രകടിപ്പിച്ചു.
സ്ഥാനാർത്ഥികൾ സമുദായ വോട്ടുകൾ ലക്ഷ്യം വച്ച് വൻതോതിൽ പണം ഇറക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് സാഹചര്യം പ്രവചനാതീതമാണെങ്കിലും ഭരണത്തുടർച്ചയ്ക്കുള്ള സാധ്യതകളാണ് വെള്ളാപ്പള്ളി നടേശൻ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.
Key Words : Kerala Election 2026, Vellappally Natesan, Pinarayi Vijayan

COMMENTS