തിരുവനന്തപുരം : വേനലവധിക്ക് സ്‌പെഷ്യല്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത് പൂര്‍ണമായും ഒഴിവാക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍...
തിരുവനന്തപുരം : വേനലവധിക്ക് സ്‌പെഷ്യല്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത് പൂര്‍ണമായും ഒഴിവാക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ചട്ടവിരുദ്ധമായി ക്ലാസുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ വ്യവസ്ഥകള്‍ പ്രകാരം മാര്‍ച്ച് മാസത്തിലെ അവസാന പ്രവൃത്തി ദിവസം മുതല്‍ മേയ് മാസം വരെ കുട്ടികള്‍ക്ക് വേനലവധി അനുവദിച്ചിട്ടുള്ളതാണ്. ഇത് കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.
ചുട്ടുപൊള്ളുന്ന വേനല്‍ചൂട് കണക്കിലെടുത്ത് തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെ സര്‍ക്കാര്‍ പുതുക്കിയ തൊഴില്‍ സമയക്രമം നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തില്‍, കുട്ടികളെ വിദ്യാലയങ്ങളില്‍ എത്തിക്കുന്നത് അവരുടെ മൗലികാവകാശങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണ്. കഠിനമായ ചൂടില്‍ സ്‌കൂളുകളിലെ പഠന അന്തരീക്ഷം കുട്ടികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. ബാലാവകാശ കമ്മീഷന്റെയും കോടതികളുടെയും മുന്‍ ഉത്തരവുകള്‍ പ്രകാരം കുട്ടികളുടെ അവധിക്കാലം തടസപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ല.
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകൾക്ക് പുറമെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ തുടങ്ങി എല്ലാ സ്ട്രീമുകളിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളും ഈ നിർദ്ദേശം പാലിക്കാൻ ബാധ്യസ്ഥരാണ്. അവധിക്കാല ക്ലാസുകൾ കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉന്മേഷത്തെ പ്രതികൂലമായി ബാധിക്കും.
അതിനാൽ യാതൊരു കാരണവശാലും സ്പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ലെന്നും ഇത് ലംഘിക്കുന്ന വിദ്യാലയങ്ങളെ നിരീക്ഷിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
Key Words: Special Class, Summer, V. Sivankutty

COMMENTS