ഇസ്താംബൂൾ: തുർക്കിയിലെ ഇസ്താംബൂളിലുള്ള ഇസ്രയേൽ കോൺസുലേറ്റിന് മുന്നിലുണ്ടായ വെടിവയ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവ...
ഇസ്താംബൂൾ: തുർക്കിയിലെ ഇസ്താംബൂളിലുള്ള ഇസ്രയേൽ കോൺസുലേറ്റിന് മുന്നിലുണ്ടായ വെടിവയ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. അക്രമികളെന്ന് കരുതുന്ന മൂന്ന് പേരാണ് കൊല്ലപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.
ആയുധധാരികളായ സംഘം കോൺസുലേറ്റിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്ന സുരക്ഷാ സേന തിരിച്ചടിച്ചു. ഏറ്റുമുട്ടലിൽ രണ്ട് അക്രമികൾ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
സുരക്ഷാ ഭീഷണിയെത്തുടർന്ന് ഇസ്താംബൂളിലെ ഇസ്രയേൽ കോൺസുലേറ്റ് നേരത്തെ തന്നെ താൽക്കാലികമായി അടച്ചിട്ടിരുന്നു. അതിനാൽ ആക്രമണ സമയത്ത് നയതന്ത്ര ഉദ്യോഗസ്ഥരോ ജീവനക്കാരോ ഓഫീസിനുള്ളിൽ ഉണ്ടായിരുന്നില്ല.
കൊല്ലപ്പെട്ടവരിൽ ഒരാൾക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് തുർക്കി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭവത്തെക്കുറിച്ച് ഇസ്താംബൂൾ ചീഫ് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് കനത്ത സുരക്ഷാ ഏർപ്പെടുത്തി.
Key Words : Shooting, Israeli Consulate, Istanbul

COMMENTS