ദുബായ്/തെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം പുനരാരംഭിക്കാൻ പാക്കിസ്ഥാൻ്റെ മധ്യസ്ഥതയിൽ അമേരിക്കയുമായി ഉണ്ടാക്കിയ താൽക്കാലിക ധാര...
ദുബായ്/തെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം പുനരാരംഭിക്കാൻ പാക്കിസ്ഥാൻ്റെ മധ്യസ്ഥതയിൽ അമേരിക്കയുമായി ഉണ്ടാക്കിയ താൽക്കാലിക ധാരണയിൽ നിന്ന് ഇറാൻ പിന്മാറി. കരാർ പ്രകാരം കടത്തിവിടാമെന്ന് സമ്മതിച്ചിരുന്ന രണ്ട് ഖത്തറി എൽഎൻജി (LNG) കപ്പലുകളെ ഇറാൻ റെവല്യൂഷനറി ഗാർഡ് (IRGC) തടഞ്ഞ് തിരിച്ചയച്ചു.
ഖത്തറിൽ നിന്നുള്ള 'അൽ ദായീൻ', 'റഷീദ' എന്നീ കപ്പലുകളെയാണ് തിങ്കളാഴ്ച രാവിലെ ഹോർമുസ് കടലിടുക്കിൽ വെച്ച് ഇറാൻ സൈന്യം തടഞ്ഞത്. ഇവയിൽ ഒന്ന് പാക്കിസ്ഥാനിലേക്കും മറ്റൊന്ന് ചൈനയിലേക്കുമാണ് പോകേണ്ടിയിരുന്നത്.
കഴിഞ്ഞ ആഴ്ച പാക്കിസ്ഥാൻ മുൻകൈയെടുത്ത് നടത്തിയ ചർച്ചയിലാണ് ഈ കപ്പലുകൾക്ക് കടന്നുപോകാൻ ഇറാൻ പ്രത്യേക അനുമതി നൽകിയത്. എന്നാൽ കടലിടുക്കിന് സമീപമെത്തിയ കപ്പലുകളോട് ഒരു വിശദീകരണവും നൽകാതെ പിന്തിരിഞ്ഞു പോകാൻ ഐആർജിസി ആവശ്യപ്പെടുകയായിരുന്നു.
ഇറാൻ സൈന്യം തടഞ്ഞതിനെത്തുടർന്ന് കപ്പലുകൾ പാത മാറ്റി യുഎഇ തീരത്തേക്ക് മടങ്ങി. നിലവിൽ ഫുജൈറ തീരത്ത് ഇവ നങ്കൂരമിട്ടിരിക്കുകയാണ്. മേഖലയിൽ താൽക്കാലിക വെടിനിർത്തൽ പോരെന്നും യുദ്ധം പൂർണ്ണമായി അവസാനിപ്പിക്കണമെന്നുമുള്ള കർശന നിലപാടിലേക്ക് ഇറാൻ മാറിയതാണ് ഈ പിന്മാറ്റത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. പാക്കിസ്ഥാന്റെ മധ്യസ്ഥ ശ്രമങ്ങൾ ഇതോടെ വലിയ പ്രതിസന്ധിയിലായി.
യുഎസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള സംഘർഷം കാരണം കഴിഞ്ഞ ഫെബ്രുവരി മുതൽ ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇന്ധന നീക്കം തടസ്സപ്പെട്ടിരിക്കുകയാണ്. ഈ തടസ്സം നീങ്ങുമെന്ന ആഗോള പ്രതീക്ഷകൾക്കാണ് ഇറാൻ ഇപ്പോൾ തിരിച്ചടി നൽകിയിരിക്കുന്നത്.
Key Words : Setback, Iran blocks LNG ships, Pakistan, Iran War

COMMENTS