ന്യൂഡൽഹി: കനത്ത സുരക്ഷാ വലയത്തിലുള്ള ഡൽഹി നിയമസഭാ മന്ദിരത്തിൽ തിങ്കളാഴ്ച ഉച്ചയോടെ നാടകീയമായ സുരക്ഷാ വീഴ്ച. മുഖംമൂടി ധരിച്ചെത്തിയ ഒരാൾ അതിവേഗ...
ന്യൂഡൽഹി: കനത്ത സുരക്ഷാ വലയത്തിലുള്ള ഡൽഹി നിയമസഭാ മന്ദിരത്തിൽ തിങ്കളാഴ്ച ഉച്ചയോടെ നാടകീയമായ സുരക്ഷാ വീഴ്ച. മുഖംമൂടി ധരിച്ചെത്തിയ ഒരാൾ അതിവേഗത്തിൽ കാർ ഓടിച്ച് നിയമസഭയുടെ വിഐപി ഗേറ്റ് തകർത്ത് അകത്തുകയറി. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നത്.
ഉത്തർപ്രദേശ് രജിസ്ട്രേഷനിലുള്ള വെള്ള ടാറ്റ സിയറ കാറിലാണ് അക്രമി എത്തിയത്. സുരക്ഷാ ബാരിക്കേഡുകൾ തകർത്ത് നിയമസഭാ വളപ്പിലേക്ക് ഇരച്ചുകയറിയ കാർ, സ്പീക്കർ വിജേന്ദർ ഗുപ്തയുടെ ഓഫീസിന് സമീപമാണ് നിർത്തിയത്. കാറിൽ നിന്നിറങ്ങിയ മുഖംമൂടി ധരിച്ചയാൾ സ്പീക്കറുടെ ഓഫീസിന് മുന്നിൽ ഒരു പൂച്ചെണ്ട് (Bouquet) വെച്ച ശേഷം അതേ വേഗതയിൽ കാർ ഓടിച്ച് പുറത്തേക്ക് കടന്നുകളയുകയായിരുന്നു. സ്പീക്കറുടെ കാറിന് നേരെ ഇയാൾ മഷി എറിഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
സംഭവത്തിന് പിന്നാലെ പോലീസ് നടത്തിയ ഊർജിതമായ തിരച്ചിലിനൊടുവിൽ ഉത്തർപ്രദേശിലെ പിലിഭിത്ത് സ്വദേശിയായ സരബ്ജിത്ത് സിംഗ് എന്നയാളെയും കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർ സഞ്ചരിച്ച വാഹനവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
നിയമസഭാ ബജറ്റ് സമ്മേളനത്തിന് തൊട്ടുപിന്നാലെ നടന്ന ഈ സംഭവം സുരക്ഷാ ഉദ്യോഗസ്ഥരെ ഞെട്ടിച്ചിരിക്കുകയാണ്. നേരത്തെ നിയമസഭയ്ക്കും സ്പീക്കർക്കും നേരെ ബോംബ് ഭീഷണികൾ ഉണ്ടായതിനെ തുടർന്ന് സുരക്ഷ ശക്തമാക്കിയിരിക്കെയാണ് ഇത്തരമൊരു അതിക്രമം ഉണ്ടായത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും പ്രതിയുടെ കൃത്യമായ ലക്ഷ്യം എന്തായിരുന്നുവെന്നും പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.
Key Words : Security Lapse, Parliament Building

COMMENTS