ചിറ്റൂർ: പാലക്കാട് ചിറ്റൂർ നിയമസഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് ദിനത്തിൽ രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ച് ബിജെപി സ്ഥാനാർത്ഥി പ്രണേഷ് രാജേന്ദ...
ചിറ്റൂർ: പാലക്കാട് ചിറ്റൂർ നിയമസഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് ദിനത്തിൽ രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ച് ബിജെപി സ്ഥാനാർത്ഥി പ്രണേഷ് രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. വി. മുരുകദാസിന് വോട്ട് അഭ്യർത്ഥിച്ചുകൊണ്ടുള്ള കുറിപ്പാണ് സ്ഥാനാർത്ഥിയുടെ ഔദ്യോഗിക പേജിൽ പ്രത്യക്ഷപ്പെട്ടത്. മിനിറ്റുകൾക്കുള്ളിൽ പോസ്റ്റ് പിൻവലിച്ചെങ്കിലും ഇതിന്റെ സ്ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ചിഹ്നമായ 'മോതിരത്തിന്' വോട്ട് ചെയ്യണമെന്നും വികസനത്തിന്റെ തുടർച്ചയ്ക്കായി ഇടതുപക്ഷത്തെ പിന്തുണയ്ക്കണമെന്നുമാണ് പോസ്റ്റിൽ ആവശ്യപ്പെട്ടിരുന്നത്. യുഡിഎഫ് മണ്ഡലത്തിൽ തരംതാഴ്ന്ന രാഷ്ട്രീയ പ്രവർത്തനമാണ് നടത്തുന്നതെന്നും, ജനാധിപത്യത്തെ പരിഹസിക്കുന്ന കോൺഗ്രസ് നാടകത്തിന് ചിറ്റൂർ മറുപടി നൽകുമെന്നും കുറിപ്പിൽ പരാമർശമുണ്ട്.
സംഭവം വിവാദമായതോടെ വിശദീകരണവുമായി ബിജെപി സ്ഥാനാർത്ഥി പ്രണേഷ് രാജേന്ദ്രൻ രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും താനറിയാതെയാണ് ഇത്തരമൊരു പോസ്റ്റ് വന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ പോലീസിലും സൈബർ സെല്ലിലും പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, ബിജെപിയും എൽഡിഎഫും തമ്മിലുള്ള രഹസ്യ ധാരണയുടെ തെളിവാണ് ഇതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി സുമേഷ് അച്യുതൻ ആരോപിച്ചു. 'സിജെപി ഡീൽ' മണ്ഡലത്തിൽ പരസ്യമായിരിക്കുകയാണെന്നും വോട്ടർമാർ ഇതിന് മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. വോട്ടെടുപ്പ് ദിവസം മണ്ഡലത്തിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് ഈ സംഭവം വഴിതുറന്നിരിക്കുന്നത്.
Key Words : Political Controversy, Chittoor, BJP Candidate, Facebook post , LDF

COMMENTS