PM Modi’s Roadshow Electrifies Thiruvananthapuram; Claims LDF-UDF 'Deal' is Deceptive
തിരുവനന്തപുരം/തിരുവല്ല: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മൂന്നാം ഘട്ടത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തലസ്ഥാന നഗരിയില്‍ ഉജ്ജ്വല സ്വീകരണം. കിള്ളിപ്പാലം മുതല്‍ കരമന വരെ നീണ്ട ആവേശകരമായ റോഡ് ഷോയില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് പങ്കെടുത്തത്. തിരുവല്ലയിലെ പൊതുസമ്മേളനത്തിന് ശേഷമാണ് പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തിയത്.
തലസ്ഥാനം ഇളക്കിമറിച്ച റോഡ് ഷോ
തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍, ആര്‍. ശ്രീലേഖ (വട്ടിയൂര്‍ക്കാവ്), വി. മുരളീധരന്‍ (കഴക്കൂട്ടം), കരമന ജയന്‍ (നേമം) എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം തുറന്ന വാഹനത്തില്‍ റോഡ് ഷോയില്‍ അണിനിരന്നു. പ്രവര്‍ത്തകര്‍ ഫ്‌ലെക്‌സുകളും പൂക്കളുമായി വഴിയോരങ്ങളില്‍ തടിച്ചുകൂടി. രണ്ടാം തവണയാണ് മോദി ഈ തിരഞ്ഞെടുപ്പ് കാലത്ത് തിരുവനന്തപുരത്ത് എത്തുന്നത്.
തിരുവല്ലയിലെ സമ്മേളനത്തില്‍ സംസ്ഥാനത്തെ എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ക്കെതിരെ പ്രധാനമന്ത്രി രൂക്ഷവിമര്‍ശനം ഉന്നയിച്ചു. കേരളത്തില്‍ വന്‍കിട വികസന പദ്ധതികളില്ലെന്നും കോട്ടയം മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ദുരവസ്ഥയിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗ്രാമീണ റോഡുകളുടെ അവസ്ഥ പരിതാപകരമാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവല്ലയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി തന്റെ സുഹൃത്തും വിശ്വസ്തനുമാണെന്ന് മോദി വിശേഷിപ്പിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷമായി രാജ്യത്തിനുവേണ്ടി തന്നോടൊപ്പം പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് അനൂപെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി അധികാരത്തിലില്ലാതിരുന്നിട്ടും മറ്റ് സര്‍ക്കാരുകളേക്കാള്‍ കൂടുതല്‍ സഹായം കേരളത്തിന് എന്‍ഡിഎ നല്‍കി. ജല്‍ ജീവന്‍ മിഷന്‍, കര്‍ഷകര്‍ക്കുള്ള ധനസഹായം (13,000 കോടി രൂപ), ദേശീയപാത വികസനം എന്നിവ ഇതിന് ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു. ശബരി റെയില്‍ പാത വരുന്നതോടെ ശബരിമല തീര്‍ത്ഥാടനം സുഗമമാകുമെന്നും കേരളത്തില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
ഇരുമുന്നണികളും ബിജെപിയെ അധിക്ഷേപിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മോദി പറഞ്ഞു. എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള ശത്രുത 'ഡബ്‌ളിയു ഡബ്‌ളിയു എഫ്' ഗുസ്തി പോലെ കപടമാണെന്നും തമിഴ്‌നാട്ടില്‍ ഇവര്‍ ഒന്നാണെന്നും അദ്ദേഹം പരിഹസിച്ചു. മുനമ്പം വിഷയവും ശബരിമല സ്വര്‍ണ്ണക്കൊള്ളയും പരാമര്‍ശിച്ച അദ്ദേഹം, വോട്ട് ബാങ്ക് പ്രീണനത്തിനായി കേരളത്തെ അപകടത്തിലാക്കുകയാണെന്ന് കുറ്റപ്പെടുത്തി.
പശ്ചിമേഷ്യന്‍ യുദ്ധസാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അപകടകരമായ പ്രസ്താവനകള്‍ നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ സുരക്ഷയ്ക്കാണ് കേന്ദ്രം മുന്‍ഗണന നല്‍കുന്നതെന്നും ഗള്‍ഫ് രാജ്യങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
'മെയ് 4-ന് കേരളത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേല്‍ക്കാനുള്ള കൗണ്ട് ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു. ഇത് മോദിയുടെ ഗ്യാരണ്ടിയാണ്,' പ്രധാനമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. രാത്രി 7.15-ഓടെ റോഡ് ഷോ അവസാനിപ്പിച്ച പ്രധാനമന്ത്രി നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തി.
Summary: Prime Minister Narendra Modi received a thunderous welcome in the state capital as he arrived for the third phase of the Kerala Assembly election campaign. Thousands of supporters gathered for the high-energy roadshow, which spanned from Killipalam to Karamana. The Prime Minister reached the capital following a major public convention in Thiruvalla.
The Prime Minister was joined on an open vehicle by NDA candidates Rajeev Chandrasekhar (Thiruvananthapuram), R. Sreelekha (Vattiyoorkavu), V. Muraleedharan (Kazhakoottam), and Karamana Jayan (Nemom). Supporters lined the streets with flower petals and placards to greet him. This marks Modi’s second visit to Thiruvananthapuram during this election cycle.


COMMENTS