ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.15-ഓടെ ടെർമിനൽ ഒന്ന...
ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.15-ഓടെ ടെർമിനൽ ഒന്നിലായിരുന്നു സംഭവം. ലേയിൽ നിന്നെത്തിയ സ്‌പൈസ് ജെറ്റ് വിമാനവും ഹൈദരാബാദിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുകയായിരുന്ന ആകാശ എയർ വിമാനവുമാണ് കൂട്ടിയിടിച്ചത്.
പാർക്കിംഗ് ബേയിലേക്ക് നീങ്ങുകയായിരുന്ന സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ചിറക് ആകാശ എയർ വിമാനത്തിന്റെ പിൻഭാഗത്ത് തട്ടുകയായിരുന്നു. അപകടസമയത്ത് രണ്ട് വിമാനങ്ങളിലും യാത്രക്കാരുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കുകളില്ലെന്ന് അധികൃതർ അറിയിച്ചു.
അപകടത്തെത്തുടർന്ന് വിമാനങ്ങൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ചിറകിന്റെ അഗ്രഭാഗവും ആകാശ എയർ വിമാനത്തിന്റെ ഹൊറിസോണ്ടൽ സ്റ്റെബിലൈസറും തകർന്നു. ആകാശ എയറിലെ യാത്രക്കാരെ ഉടൻ തന്നെ പുറത്തിറക്കി മറ്റൊരു വിമാനത്തിൽ ഹൈദരാബാദിലേക്ക് അയച്ചു.
സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. നിലവിൽ രണ്ട് വിമാനങ്ങളും പരിശോധനയ്ക്കായി ഗ്രൗണ്ട് ചെയ്തിരിക്കുകയാണ്. ഗ്രൗണ്ട് സ്റ്റാഫിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണോ അപകടത്തിന് കാരണമായതെന്ന് പരിശോധിച്ചുവരികയാണ്.
Key Words : Planes Collide, Delhi Airport

COMMENTS