ടെഹ്‌റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ലഘൂകരിക്കുന്നതിനുള്ള നിർണ്ണായക ദൗത്യവുമായി പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിന്റെ...
ടെഹ്‌റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ലഘൂകരിക്കുന്നതിനുള്ള നിർണ്ണായക ദൗത്യവുമായി പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഇറാനിലെത്തി. കഴിഞ്ഞ ആഴ്ച ഇസ്ലാമാബാദിൽ നടന്ന ചർച്ചകൾ ഫലപ്രാപ്തിയിലെത്താത്ത സാഹചര്യത്തിലാണ് വാഷിംഗ്ടണിന്റെ പുതിയ സന്ദേശവുമായി പാക് സംഘം ടെഹ്‌റാനിലെത്തിയത്.
അസിം മുനീറിനൊപ്പം പാക് ആഭ്യന്തര മന്ത്രി മോഹ്സിൻ നഖ്‌വിയും സുരക്ഷാ-സാങ്കേതിക വിദഗ്ധരും അടങ്ങുന്ന സംഘമാണ് എത്തിയത്. ടെഹ്‌റാനിൽ ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി സംഘത്തെ സ്വീകരിച്ചു.
അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം റൗണ്ട് സമാധാന ചർച്ചകൾക്ക് അടിത്തറയൊരുക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. വെടിനിർത്തൽ കാലാവധി നീട്ടുന്നതിനെക്കുറിച്ചും സംഘം ചർച്ച ചെയ്യും. ഇറാന്റെ ആണവ പദ്ധതി, ഹോർമുസ് കടലിടുക്കിന്റെ സുരക്ഷിതമായ പ്രവർത്തനം, ഉപരോധങ്ങൾ നീക്കൽ തുടങ്ങിയ വിഷയങ്ങളിൽ സമവായമുണ്ടാക്കാൻ പാകിസ്താൻ മധ്യസ്ഥത വഹിക്കുന്നു.
സമാധാന ചർച്ചകളിൽ പാകിസ്താൻ വഹിക്കുന്ന പങ്കിനെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഭിനന്ദിച്ചിരുന്നു. വരും ദിവസങ്ങളിൽ ഇസ്ലാമാബാദിൽ വീണ്ടും ചർച്ചകൾ നടന്നേക്കുമെന്നാണ് സൂചന.
രണ്ടാഴ്ച നീണ്ടുനിൽക്കുന്ന താൽക്കാലിക വെടിനിർത്തൽ ഏപ്രിൽ 22-ന് അവസാനിക്കാനിരിക്കെ, പാകിസ്താന്റെ ഈ നയതന്ത്ര നീക്കം മേഖലയിൽ വലിയ പ്രാധാന്യത്തോടെയാണ് ലോകം വീക്ഷിക്കുന്നത്..
Key Words : Pakistan, US Envoy; Asim Munir, Peace talks

COMMENTS