പത്തനംതിട്ട: ആറന്മുള നിയസഭാ മണ്ഡലത്തിലെ വോട്ടിങ് മെഷീനുകളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി വീണാ ജോർജിന്റെ ചിത്രം മാത്രം അസ്വാഭാവികമായ രീതിയിൽ തെളിഞ്ഞ...
പത്തനംതിട്ട: ആറന്മുള നിയസഭാ മണ്ഡലത്തിലെ വോട്ടിങ് മെഷീനുകളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി വീണാ ജോർജിന്റെ ചിത്രം മാത്രം അസ്വാഭാവികമായ രീതിയിൽ തെളിഞ്ഞുനിൽക്കുന്നുവെന്ന ആരോപണവുമായി യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി. മണ്ഡലത്തിലെ മല്ലപ്പുഴശ്ശേരി അടക്കമുള്ള ബൂത്തുകളിലെ വോട്ടിങ് മെഷീനുകളിലാണ് മന്ത്രിയുടെ ചിത്രം മാത്രം വ്യക്തമായി കാണുന്നതെന്നും മറ്റ് സ്ഥാനാർത്ഥികളുടെ ചിത്രങ്ങൾ മങ്ങിയ നിലയിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
"വോട്ടിങ് മെഷീനിൽ മന്ത്രിയുടെ ഫോട്ടോ മാത്രം തിളങ്ങി നിൽക്കുന്നു. ബാക്കിയുള്ളവരുടെയെല്ലാം മുഖത്ത് കരിവാരി തേച്ചതുപോലെയാണ്. ഇത്രയ്ക്ക് സ്വാധീനമോ?" എന്ന് ആന്റോ ആന്റണി മാധ്യമങ്ങളോട് ചോദിച്ചു. ഇത് മനഃപൂർവം ചെയ്തതാണെന്നും വോട്ടർമാരെ സ്വാധീനിക്കാൻ ലക്ഷ്യമിട്ടുള്ള നീക്കമാണെന്നും യു.ഡി.എഫ് ആരോപിക്കുന്നു.
സംഭവത്തിൽ യു.ഡി.എഫ് പ്രവർത്തകർ ജില്ലാ കളക്ടർക്ക് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. പരാതി ഗൗരവകരമാണെന്നും ഇക്കാര്യം പരിശോധിക്കുമെന്നും പത്തനംതിട്ട ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ അറിയിച്ചു.
അതേസമയം, വോട്ടെടുപ്പിന്റെ ആദ്യ ഘട്ടം മുതൽ തനിക്കെതിരെ വ്യാപകമായ അധിക്ഷേപങ്ങൾ നടക്കുന്നുണ്ടെന്നും ആറന്മുളയിൽ ഇത്തവണ പോളിങ് ശതമാനം വർധിക്കുമെന്നും വീണാ ജോർജ് പ്രതികരിച്ചു. വോട്ടിങ് മെഷീനിലെ ചിത്രം സംബന്ധിച്ച വിവാദം അടിസ്ഥാനരഹിതമാണെന്നാണ് എൽ.ഡി.എഫ് കേന്ദ്രങ്ങളുടെ നിലപാട്.
Key Words : Kerala Election 2026, Veena George

COMMENTS