കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. കണ്ണൂർ സിറ്റി പോ...
കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ ശുപാർശ അംഗീകരിച്ച് ഡി.ജി.പി റവാഡ ചന്ദ്രശേഖറാണ് ഉത്തരവിട്ടത്. ലോൺ ആപ്പ് തട്ടിപ്പ്, ജാതി അധിക്ഷേപം തുടങ്ങിയ സങ്കീർണ്ണമായ വിഷയങ്ങൾ കേസിലുള്ളതിനാലാണ് വിദഗ്ധ അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയത്.
കേസിലെ പ്രതികളായ അധ്യാപകർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് പുറമെ എസ്‌സി-എസ്‌ടി പീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഒന്നാം പ്രതിയും വകുപ്പ് മേധാവിയുമായ ഡോ. എം.കെ. റാം നിലവിൽ ഒളിവിലാണ്. ഇദ്ദേഹത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയതിനെത്തുടർന്ന് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. രണ്ടാം പ്രതിയായ ഡോ. സംഗീത നമ്പ്യാർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
നിതിന്റെ മരണത്തിന് പിന്നിൽ അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ ക്രൂരമായ ജാതി അധിക്ഷേപവും മാനസിക പീഡനവുമാണെന്ന് കുടുംബം ആരോപിക്കുന്നു. ഇതേക്കുറിച്ച് നിതിൻ അയച്ച ശബ്ദസന്ദേശങ്ങൾ പുറത്തുവന്നിരുന്നു. ഇതിനിടെ, ഓൺലൈൻ ലോൺ ആപ്പ് വഴിയുള്ള ഭീഷണിയും നിതിൻ നേരിട്ടിരുന്നതായി സൈബർ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നതോടെ ഈ രണ്ട് വശങ്ങളും വിശദമായി പരിശോധിക്കപ്പെടും.
Key Words : Nitin Raj's Death, Investigation, Crime Branch

COMMENTS