ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച ഹൊറർ-ഫാന്റസി ചിത്രങ്ങളിൽ ഒന്നായ 'തുംബാഡ്' (Tumbbad) രണ്ടാം ഭാഗത്തിന്റെ അണിയറ വിശേഷങ്ങൾ പുറത്തുവരുമ്പോ...
ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച ഹൊറർ-ഫാന്റസി ചിത്രങ്ങളിൽ ഒന്നായ 'തുംബാഡ്' (Tumbbad) രണ്ടാം ഭാഗത്തിന്റെ അണിയറ വിശേഷങ്ങൾ പുറത്തുവരുമ്പോൾ മലയാളി പ്രേക്ഷകർക്കും ആവേശമായി താരം നിമിഷ സജയൻ. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ നിമിഷ എത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ദിഖിയും ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
'തുംബാഡ് 2' വിന്റെ ചിത്രീകരണം മുംബൈയിലെ മാഡ് ഐലൻഡിൽ ആരംഭിച്ചു. ഇതിനായി 7-8 ഏക്കറിലായി ഒരു നഗരത്തെ അനുസ്മരിപ്പിക്കുന്ന കൂറ്റൻ സെറ്റാണ് ഒരുക്കിയിരിക്കുന്നത്.
'പോച്ചർ' (Poacher), 'ഡബ്ബ കാർട്ടൽ' (Dabba Cartel) എന്നീ ബോളിവുഡ് പ്രോജക്റ്റുകളിലൂടെ ശ്രദ്ധേയയായ നിമിഷ, ചിത്രത്തിൽ നായികാ തുല്യമായ വേഷത്തിലാകും എത്തുകയെന്ന് സൂചനയുണ്ട്. സോഹം ഷാ നിർമ്മിച്ച 'ക്രേസി' (Crazxy) എന്ന ചിത്രത്തിന് വേണ്ടി നിമിഷ നേരത്തെ ശബ്ദം നൽകിയിരുന്നു.
ആദ്യ ഭാഗത്തിന്റെ സഹസംവിധായകനായിരുന്ന ആദേഷ് പ്രസാദ് ആണ് രണ്ടാം ഭാഗം ഒരുക്കുന്നത്. ആദ്യ ഭാഗത്തിന്റെ നായകനായിരുന്ന സോഹം ഷാ തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്.
വളരെ സങ്കീർണ്ണമായതും നിഗൂഢതകൾ നിറഞ്ഞതുമായ ഒരു കഥാപാത്രത്തെയാകും താൻ ചിത്രത്തിൽ അവതരിപ്പിക്കുക എന്ന് നവാസുദ്ദീൻ സിദ്ദിഖി വ്യക്തമാക്കിയിട്ടുണ്ട്.
അതിമോഹത്തിന്റെ കഥ പറഞ്ഞ ഹസ്തറിന്റെയും തുംബാഡ് ഗ്രാമത്തിന്റെയും പശ്ചാത്തലത്തിൽ തന്നെയാകും രണ്ടാം ഭാഗവും ഒരുങ്ങുന്നത്. 200 ദിവസം നീണ്ടുനിൽക്കുന്ന വിപുലമായ ചിത്രീകരണമാണ് ഇതിനായി പ്ലാൻ ചെയ്തിരിക്കുന്നത്.
2018-ൽ റിലീസ് ചെയ്ത 'തുംബാഡ്' ആദ്യ ഭാഗം തിയേറ്ററുകളിൽ വലിയ ചലനം സൃഷ്ടിച്ചില്ലെങ്കിലും പിന്നീട് ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കിയിരുന്നു. അടുത്തിടെ ചിത്രം വീണ്ടും തിയേറ്ററുകളിൽ റിലീസ് ചെയ്തപ്പോഴും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
Key Words : Nimisha Sajayan, Tumbbad 2, Nawazuddin Siddiqui, Soham Shah

COMMENTS