ഇസ്ലാമാബാദ്: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും അന്ത്യം കുറിക്കാൻ ലക്ഷ്യമിട്ടുള്ള നിർണ്ണായകമായ അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾക...
ഇസ്ലാമാബാദ്: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും അന്ത്യം കുറിക്കാൻ ലക്ഷ്യമിട്ടുള്ള നിർണ്ണായകമായ അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾക്ക് പാക്കിസ്ഥാനിലെ ഇസ്ലാമാബാദിൽ തുടക്കമായി. പാക്കിസ്ഥാൻ ഭരണകൂടത്തിന്റെ മധ്യസ്ഥതയിൽ നടക്കുന്ന ഈ ചർച്ചയിൽ പങ്കെടുക്കാൻ ഇരു രാജ്യങ്ങളിലെയും ഉന്നത പ്രതിനിധികൾ ഇസ്ലാമാബാദിലെത്തി.
യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അമേരിക്കയെ പ്രതിനിധീകരിക്കുന്നത്. ട്രംപിന്റെ വിദേശകാര്യ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, മുതിർന്ന ഉപദേശകൻ ജാരെഡ് കുഷ്നർ എന്നിവരും സംഘത്തിലുണ്ട്. ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫ്, വിദേശകാര്യ മന്ത്രി അബ്ബാസ് അരാക്ചി എന്നിവർ ഇറാന്റെ ഭാഗത്തുനിന്ന് ചർച്ചകളിൽ പങ്കെടുക്കുന്നു.
ഇറാനും അമേരിക്കയും തമ്മിലുള്ള ശത്രുത ലഘൂകരിക്കുന്നതിനായി പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടത്തിവന്ന ശ്രമങ്ങളുടെ ഫലമായാണ് ഈ കൂടിക്കാഴ്ച സാധ്യമായത്.
ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സുഗമമാക്കുക, മേഖലയിലെ സായുധ സംഘർഷങ്ങൾ അവസാനിപ്പിക്കുക, താൽക്കാലിക വെടിനിർത്തൽ സ്ഥിരപ്പെടുത്തുക തുടങ്ങിയവയാണ് പ്രധാന അജണ്ടകൾ. കഴിഞ്ഞ രണ്ടാഴ്ചയായി നിലനിൽക്കുന്ന താൽക്കാലിക വെടിനിർത്തൽ മേഖലയിൽ വലിയ ആശ്വാസം നൽകിയിരുന്നു.
ഉന്നതതല ചർച്ചകളുടെ പശ്ചാത്തലത്തിൽ ഇസ്ലാമാബാദിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നഗരത്തിൽ പ്രാദേശിക അവധി പ്രഖ്യാപിക്കുകയും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
പശ്ചിമേഷ്യൻ രാജ്യങ്ങളും ആഗോള സമൂഹവും അതീവ പ്രാധാന്യത്തോടെയാണ് ഈ ചർച്ചയെ നോക്കിക്കാണുന്നത്. ദശകങ്ങളായി തുടരുന്ന ശത്രുതയ്ക്ക് ഈ ചർച്ചയിലൂടെ പരിഹാരമാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
key words : Peace Talk, Iran-US talks , Pakistan

COMMENTS