ന്യൂഡൽഹി: ഇറാനും അമേരിക്കയും തമ്മിലുള്ള വെടിനിർത്തൽ കരാർ നിലവിൽ വന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്...
ന്യൂഡൽഹി: ഇറാനും അമേരിക്കയും തമ്മിലുള്ള വെടിനിർത്തൽ കരാർ നിലവിൽ വന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഫോണിൽ സംസാരിച്ചു. ഏകദേശം 40 മിനിറ്റോളം നീണ്ടുനിന്ന സംഭാഷണത്തിൽ പശ്ചിമേഷ്യയിലെ സമാധാനശ്രമങ്ങളും ഉഭയകക്ഷി ബന്ധവും പ്രധാന ചർച്ചാവിഷയമായി.
വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷം ഇരുനേതാക്കളും തമ്മിൽ നടത്തുന്ന ആദ്യ ചർച്ചയാണിത്. മേഖലയിലെ സംഘർഷം കുറയ്ക്കേണ്ടതിന്റെയും സമാധാനം പുനഃസ്ഥാപിക്കേണ്ടതിന്റെയും ആവശ്യകത പ്രധാനമന്ത്രി മോദി ആവർത്തിച്ചു. ആഗോള ഊർജ്ജ സുരക്ഷയ്ക്ക് നിർണ്ണായകമായ ഹോർമുസ് കടലിടുക്ക് (Strait of Hormuz) തടസ്സമില്ലാതെ തുറന്നു നൽകേണ്ടത് അത്യാവശ്യമാണെന്ന് ഇരു നേതാക്കളും സംഭാഷണത്തിൽ ഊന്നിപ്പറഞ്ഞു.
വ്യക്തിപരമായ സൗഹൃദം പങ്കുവെച്ചുകൊണ്ടായിരുന്നു സംഭാഷണത്തിന്റെ തുടക്കം. "ഇന്ത്യയിലെ ജനങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു" എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞപ്പോൾ, "ഞങ്ങളെല്ലാവരും നിങ്ങളെ സ്നേഹിക്കുന്നു" (We all love you) എന്നായിരുന്നു ട്രംപിന്റെ മറുപടി.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തം വരും ദിവസങ്ങളിൽ കൂടുതൽ ശക്തിപ്പെടുത്താനും പശ്ചിമേഷ്യയിലെ സമാധാന നീക്കങ്ങളിൽ സഹകരിച്ച് പ്രവർത്തിക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു. ആഗോളതലത്തിൽ സമാധാനം ഉറപ്പാക്കുന്നതിൽ ഇന്ത്യയുടെ പങ്കിനെ ട്രംപ് അഭിനന്ദിക്കുകയും ചെയ്തു.
Key Words : Iran-US ceasefire; Donald Trump, Narendra Modi

COMMENTS