മാലെ: മാലദ്വീപിലെ സ്കൂളിൽ മലയാളി അധ്യാപികയ്ക്ക് നേരെ എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ ക്രൂരമായ ആക്രമണം. ആലപ്പുഴ ചെങ്ങന്നൂർ സ്വദേശിനിയായ സ്മിത എ...
മാലെ: മാലദ്വീപിലെ സ്കൂളിൽ മലയാളി അധ്യാപികയ്ക്ക് നേരെ എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ ക്രൂരമായ ആക്രമണം. ആലപ്പുഴ ചെങ്ങന്നൂർ സ്വദേശിനിയായ സ്മിത എൻ. പിള്ളയ്ക്കാണ് (35) ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. മാലദ്വീപിലെ ഗധൂ ദ്വീപിലുള്ള ഗഫ് ധാൽ അടോൾ സ്കൂളിലാണ് സംഭവം നടന്നത്.
സ്കൂളിലെ ഐ.ടി ലാബിൽ ക്ലാസ് എടുത്തുകൊണ്ടിരിക്കെ വിദ്യാർത്ഥി കമ്പ്യൂട്ടറിൽ ഗെയിം കളിക്കുന്നത് സ്മിത വിലക്കിയിരുന്നു. പലതവണ വിലക്കിയിട്ടും അനുസരിക്കാതിരുന്നതിനെ തുടർന്ന് പ്രിൻസിപ്പലിനോട് പരാതിപ്പെടുമെന്ന് അധ്യാപിക പറഞ്ഞു. ഇതിൽ പ്രകോപിതനായ വിദ്യാർത്ഥി സ്മിതയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
ആക്രമണത്തിൽ സ്മിതയുടെ മൂക്കിന്റെ പാലത്തിന് ഗുരുതരമായി പരിക്കേൽക്കുകയും അവർ ബോധരഹിതയാവുകയും ചെയ്തു. ഉടൻ തന്നെ അവരെ തിനദൂവിലെ ഡോ. അബ്ദു സമദ് മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയ ആവശ്യമായതിനാൽ അവരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
കഴിഞ്ഞ ഒരു വർഷമായി ഈ സ്കൂളിൽ ജോലി ചെയ്തു വരികയായിരുന്നു സ്മിത. സംഭവത്തിൽ സ്കൂൾ അധികൃതർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യൻ അധ്യാപകരുടെ സുരക്ഷയെക്കുറിച്ച് ഈ സംഭവം വലിയ ആശങ്ക ഉയർത്തിയിട്ടുണ്ട്.
Key Words : Malayali Teacher, Student, Attack

COMMENTS