തിരുവനന്തപുരം: സംസ്ഥാനത്ത് അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെത്തുടർന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കെ.എസ്.ഇ.ബി തീരുമാനിച്ചു. ഇന്ന് നടന്ന കെ....
തിരുവനന്തപുരം: സംസ്ഥാനത്ത് അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെത്തുടർന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കെ.എസ്.ഇ.ബി തീരുമാനിച്ചു. ഇന്ന് നടന്ന കെ.എസ്.ഇ.ബി ഉന്നതതല യോഗത്തിലാണ് രാത്രി 6 മണി മുതൽ 12 മണി വരെയുള്ള സമയത്തിനുള്ളിൽ അരമണിക്കൂർ ലോഡ് ഷെഡിംഗ് ഏർപ്പെടുത്താൻ തീരുമാനമായത്.
രാജ്യത്താകെ അനുഭവപ്പെടുന്ന കടുത്ത ഉഷ്ണതരംഗത്തെത്തുടർന്ന് ദേശീയ വിപണിയിൽ വൈദ്യുതി ലഭ്യതയിൽ വലിയ കുറവുണ്ടായിട്ടുണ്ട്. ഉപഭോഗത്തിന്റെ 70 ശതമാനത്തിലേറെയും പുറത്തുനിന്നും വാങ്ങുന്ന കേരളത്തിന് ഇത് തിരിച്ചടിയായി. കൂടാതെ, കേന്ദ്ര വിഹിതത്തിൽ ഉണ്ടായ 200 മെഗാവാട്ടിന്റെ കുറവും പ്രതിസന്ധി രൂക്ഷമാക്കി. എന്നാൽ കേന്ദ്ര നിലയങ്ങളിൽ നിന്നുള്ള ഈ കുറവ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ പരിഹരിക്കപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
വൈദ്യുതി വിതരണം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ ഉപഭോക്താക്കളുടെ പൂർണ്ണ സഹകരണം കെ.എസ്.ഇ.ബി അഭ്യർത്ഥിച്ചു. പീക്ക് അവറുകളിൽ (വൈകിട്ട് 6 മുതൽ രാത്രി 12 വരെ) ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗ് പൂർണ്ണമായും ഒഴിവാക്കി പകൽ സമയത്തേക്ക് ക്രമീകരിക്കണം.
രാത്രിയിൽ എസി ഉപയോഗിക്കുമ്പോൾ താപനില 24 മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെയായി നിലനിർത്തുക. ഇൻഡക്ഷൻ കുക്കർ, ഇലക്ട്രിക് ഹീറ്റർ, അയൺ ബോക്സ്, വാഷിംഗ് മെഷീൻ, പമ്പ് സെറ്റ് എന്നിവയുടെ ഉപയോഗം പീക്ക് സമയത്ത് ഒഴിവാക്കണം. അത്യാവശ്യമല്ലാത്ത ലൈറ്റുകൾ അണച്ച് വൈദ്യുതി ലാഭിക്കണം. സംസ്ഥാനത്തെ റെക്കോർഡ് വൈദ്യുതി ഉപഭോഗം (ഏപ്രിൽ 18-ന് 117.16 മില്യൺ യൂണിറ്റ്) വിതരണ ശൃംഖലയെ വലിയ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്.
Key Words : Load shedding, Power Cut, Kerala

COMMENTS