തിരുവനന്തപുരം: കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം ആവേശകരമായ അവസാനഘട്ടത്തിലേക്ക്. വോട്ടെടുപ്പിന് മൂന്ന് നാൾ മാത്രം ബാക്കിനിൽക്കെ, വോട്ട...
തിരുവനന്തപുരം: കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം ആവേശകരമായ അവസാനഘട്ടത്തിലേക്ക്. വോട്ടെടുപ്പിന് മൂന്ന് നാൾ മാത്രം ബാക്കിനിൽക്കെ, വോട്ടർമാരെ നേരിൽ കണ്ട് സ്വാധീനിക്കാനുള്ള അവസാനവട്ട ഓട്ടത്തിലാണ് മുന്നണികൾ. നാളെ വൈകിട്ട് നടക്കുന്ന കൊട്ടിക്കലാശത്തോടെ സംസ്ഥാനത്തെ പരസ്യപ്രചാരണത്തിന് തിരശ്ശീല വീഴും.
ദേശീയ നേതാക്കളുടെ സാന്നിധ്യം കൊണ്ട് ഇന്ന് കേരളം രാഷ്ട്രീയ പോരാട്ടത്തിന്റെ കേന്ദ്രബിന്ദുവാകും. യുഡിഎഫിനായി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് വടക്കൻ കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ പ്രചാരണം നടത്തുന്നുണ്ട്. കൊല്ലത്ത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നയിക്കുന്ന റോഡ് ഷോയും യുഡിഎഫ് ക്യാമ്പുകളിൽ ആവേശം പകരും.
എൻഡിഎയുടെ പ്രചാരണത്തിന് കരുത്തുപകരാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് സംസ്ഥാനത്ത് തുടരും. ഇന്നലെ ബേപ്പൂരിൽ എൻഡിഎ സ്ഥാനാർത്ഥിക്കായി അദ്ദേഹം വോട്ട് അഭ്യർത്ഥിച്ചിരുന്നു. കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഇന്ന് പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥിയുടെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും.
എൽഡിഎഫ് സർക്കാരിന്റെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്യും. വൈകിട്ട് മൂന്ന് മണിക്ക് കണ്ണൂരിലെ പെരളശേരിയിൽ മുഖ്യമന്ത്രിയുടെ റോഡ് ഷോയും നിശ്ചയിച്ചിട്ടുണ്ട്.
മുന്നണികളെല്ലാം സർവ്വ സന്നാഹങ്ങളുമായി രംഗത്തുള്ളതിനാൽ വരും മണിക്കൂറുകളിൽ സംസ്ഥാനം കടുത്ത രാഷ്ട്രീയ പോരാട്ടത്തിന് സാക്ഷ്യം വഹിക്കും.
Key Words : Kerala Election

COMMENTS