തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരുന്നതിന് മുൻപേ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിനുള്ളിൽ ആരംഭിച്ച പരസ്യമായ ചർച്ചകൾക്...
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരുന്നതിന് മുൻപേ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിനുള്ളിൽ ആരംഭിച്ച പരസ്യമായ ചർച്ചകൾക്കെതിരെ കടുത്ത വിമർശനവുമായി കെ. മുരളീധരൻ. ഏതെങ്കിലും നേതാക്കളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അനുകൂലിച്ച് പ്രചാരണം നടത്തുന്നത് ആര് ചെയ്താലും അത് ശരിയായ നടപടിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
"സംഘനൃത്തം ചെയ്യുന്നതിനിടയിൽ ഒരാൾ ഒറ്റയ്ക്ക് ഡാൻസ് കളിച്ചാൽ ശരിയാകില്ല" എന്ന രാഹുൽ ഗാന്ധിയുടെ വാക്കുകൾ അദ്ദേഹം ഓർമ്മിപ്പിച്ചു. വ്യക്തിപരമായ താത്പര്യങ്ങൾ മാറ്റിവച്ച് പാർട്ടിയുടെ ഐക്യത്തിനായി നിൽക്കേണ്ട സമയമാണിതെന്ന് മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഫെയ്‌സ്ബുക്ക് പോസ്റ്റുകളിലൂടെയോ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയോ അല്ല. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം നിയമസഭാ കക്ഷി യോഗം ചേർന്ന് ഹൈക്കമാൻഡിന്റെ നിർദ്ദേശപ്രകാരമാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുക.
ഐക്യ ജനാധിപത്യ മുന്നണി ഒരു ടീമായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്കും ഈ വിജയത്തിൽ തുല്യ പങ്കുണ്ട്. അതുകൊണ്ട് തന്നെ ചർച്ചകൾ ഏകപക്ഷീയമാകുന്നത് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെയ് നാലിന് വോട്ടെണ്ണൽ പൂർത്തിയായാൽ മാത്രമേ ചിത്രം വ്യക്തമാകൂ. അതുവരെ അനാവശ്യമായ തർക്കങ്ങളുണ്ടാക്കി ജനങ്ങൾക്കിടയിൽ മോശം പ്രതിച്ഛായ ഉണ്ടാക്കരുത്. "ജയിപ്പിച്ച ഉടനെ തമ്മിലടി തുടങ്ങിയെന്ന് നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കരുത്" എന്നും മുരളീധരൻ പരിഹസിച്ചു.
കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകണമെന്ന തരത്തിൽ കെ. സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കൾ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണങ്ങളുടെ പശ്ചാത്തലത്തിലാണ് മുരളീധരന്റെ ഈ രൂക്ഷമായ പ്രതികരണം. നിലവിൽ ആരുടെയും പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണനയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Key Words : K Muraleedharan, CM Post Discussion

COMMENTS