ബെയ്റൂട്ട്: ഹിസ്ബുല്ലയുടെ പുതിയ തലവൻ നയിം ഖാസിമിന് കനത്ത പ്രഹരമേൽപിച്ച് അദ്ദേഹത്തിന്റെ അനന്തരവനും പേഴ്സണൽ അഡൈ്വസറുമായ അലി യൂസഫ് ഹർഷിയെ ഇസ്രയ...
ബെയ്റൂട്ട്: ഹിസ്ബുല്ലയുടെ പുതിയ തലവൻ നയിം ഖാസിമിന് കനത്ത പ്രഹരമേൽപിച്ച് അദ്ദേഹത്തിന്റെ അനന്തരവനും പേഴ്സണൽ അഡൈ്വസറുമായ അലി യൂസഫ് ഹർഷിയെ ഇസ്രയേൽ സൈന്യം വധിച്ചു. ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിലാണ് ഹർഷി കൊല്ലപ്പെട്ടത്.
നയിം ഖാസിമിന്റെ വ്യക്തിഗത സെക്രട്ടറിയായും തന്ത്രപ്രധാന ഉപദേശകനായും പ്രവർത്തിച്ചു വരികയായിരുന്നു അലി യൂസഫ് ഹർഷി. ഹിസ്ബുല്ലയുടെ തീരുമാനങ്ങൾ എടുക്കുന്നതിലും നേതൃത്വപരമായ കാര്യങ്ങളിലും ഇയാൾക്ക് നിർണ്ണായക സ്വാധീനമുണ്ടായിരുന്നുവെന്ന് ഇസ്രയേൽ വൃത്തങ്ങൾ അറിയിച്ചു. ഹസൻ നസറള്ളയുടെ വധത്തിന് ശേഷം നയിം ഖാസിം ചുമതലയേറ്റെടുത്തതിന് പിന്നാലെ, അദ്ദേഹത്തിന്റെ വിശ്വസ്തരെ ഓരോന്നായി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രയേൽ നീക്കം നടത്തുന്നത്.
ബെയ്റൂട്ടിലെ ജനവാസ മേഖലയോട് ചേർന്നുള്ള ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം. നയിം ഖാസിമിനെ തന്നെ ലക്ഷ്യം വെച്ച് ഇസ്രയേൽ ആക്രമണം നടത്തിയതായി ചില അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും, നിലവിൽ അദ്ദേഹത്തിന്റെ അനന്തരവൻ കൊല്ലപ്പെട്ട വാർത്ത മാത്രമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്.
ഈ ആക്രമണത്തോടെ മേഖലയിൽ സംഘർഷം കൂടുതൽ രൂക്ഷമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹിസ്ബുല്ലയുടെ മുതിർന്ന നേതാക്കളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ വരും ദിവസങ്ങളിലും തുടരുമെന്ന സൂചനയാണ് ഇസ്രയേൽ നൽകുന്നത്.
Key Words : Israel, HezbollahChief Naim Qassem, Airstrike, Beirut

COMMENTS