ടെഹ്‌റാൻ: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും പൂർണ്ണമായും അടച്ചു. ഇസ്രയേൽ-ലെബനൻ വെടിനിർത്തലി...
ടെഹ്‌റാൻ: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും പൂർണ്ണമായും അടച്ചു. ഇസ്രയേൽ-ലെബനൻ വെടിനിർത്തലിന്റെ ഭാഗമായി 2026 ഏപ്രിൽ 17 വെള്ളിയാഴ്ച പാത തുറന്നുകൊടുത്തതായി പ്രഖ്യാപിച്ചിരുന്നെങ്കിലും, മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇറാൻ ഈ തീരുമാനം പിൻവലിക്കുകയായിരുന്നു. ഇറാനിയൻ തുറമുഖങ്ങൾക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം പിൻവലിക്കാൻ തയ്യാറാകാത്തതാണ് ഇറാന്റെ പ്രകോപനത്തിന് കാരണം.
വെള്ളിയാഴ്ച വൈകിട്ടോടെ കടലിടുക്ക് വാണിജ്യ കപ്പലുകൾക്കായി തുറന്നതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചിരുന്നു. എന്നാൽ, ഇതിന് പിന്നാലെ ഇറാനിയൻ കപ്പലുകൾക്ക് മേലുള്ള നാവിക ഉപരോധം തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയതോടെ ഇറാൻ നിലപാട് മാറ്റുകയായിരുന്നു.
കടലിടുക്കിന്റെ നിയന്ത്രണം ഇറാന്റെ സൈനിക വിഭാഗമായ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) വീണ്ടും ഏറ്റെടുത്തതായി സൈനിക വക്താക്കൾ അറിയിച്ചു. തങ്ങളുടെ അനുമതിയില്ലാത്ത കപ്പലുകൾ കടത്തിവിടില്ലെന്നും പാതയുടെ നിയന്ത്രണം പഴയ സ്ഥിതിയിലായെന്നും ഇറാൻ വ്യക്തമാക്കി.
കടലിടുക്ക് വീണ്ടും അടച്ചതിന് പിന്നാലെ, ഈ പാതയിലൂടെ കടക്കാൻ ശ്രമിച്ച ഒരു വാണിജ്യ കപ്പലിന് നേരെ ഇറാനിയൻ ഗൺബോട്ടുകൾ വെടിയുതിർത്തതായി യു കെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ലോകത്തെ എണ്ണ വ്യാപാരത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഈ പാത അടച്ചതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. കടലിടുക്ക് തുറന്ന വാർത്തയെത്തുടർന്ന് വെള്ളിയാഴ്ച ക്രൂഡ് ഓയിൽ വിലയിൽ 9 ശതമാനത്തോളം കുറവ് വന്നിരുന്നെങ്കിലും പുതിയ സാഹചര്യത്തിൽ ഇത് വീണ്ടും ഉയരാൻ സാധ്യതയുണ്ട്.
ഇറാനുമായുള്ള ആണവ കരാറിലും മറ്റ് തർക്കങ്ങളിലും പൂർണ്ണമായ ഉടമ്പടി ഉണ്ടാകുന്നതുവരെ ഉപരോധം തുടരുമെന്നാണ് അമേരിക്കയുടെ നിലപാട്. തങ്ങളുടെ കപ്പലുകൾക്ക് പൂർണ്ണ സഞ്ചാരസ്വാതന്ത്ര്യം ലഭിക്കാതെ വിട്ടുവീഴ്ചക്കില്ലെന്ന് ഇറാനും പ്രഖ്യാപിച്ചതോടെ മേഖലയിൽ യുദ്ധഭീതി ഒഴിയുന്നില്ല.
Key Words : Iran War, Strait of Hormuz, Protest, US sanctions

COMMENTS