കോട്ടയം: ക്രൈസ്തവ സഭയ്ക്കും ദീപിക പത്രത്തിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്. സഭ ബിജെപി വിരുദ്ധ നിലപാ...
കോട്ടയം: ക്രൈസ്തവ സഭയ്ക്കും ദീപിക പത്രത്തിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്. സഭ ബിജെപി വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെങ്കില്‍ പാര്‍ട്ടിക്കും നിലപാടുകള്‍ മാറ്റേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ചില സ്ഥാപിത താല്‍പ്പര്യക്കാര്‍ക്ക് വേണ്ടി വിടുപണി ചെയ്യുന്നവരാണ് സഭയെ തെറ്റായ ദിശയിലേക്ക് നയിക്കുന്നതെന്നും ദീപിക പത്രവും ഇതേ നിലപാടാണ് പിന്തുടരുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാലിനെയും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണിയെയും സഭ പിന്തുണയ്ക്കുന്നത് കൊണ്ട് എന്ത് പ്രയോജനമാണ് ഉണ്ടായതെന്ന് ഷോണ്‍ ജോര്‍ജ് ചോദിച്ചു. സഭാ നേതൃത്വം ഈ നേതാക്കള്‍ക്ക് പിന്നാലെ പോകുന്നത് സഭയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനല്ലെന്നും അദ്ദേഹം പറഞ്ഞു.
വിവാദമായ എഫ്സിആര്‍എ (FCRA) ബില്ല് മാറ്റിവെച്ചത് ബിജെപി കേരള ഘടകത്തിന്റെ സമ്മര്‍ദ്ദപ്രകാരമാണെന്ന് ഷോണ്‍ ജോര്‍ജ് അവകാശപ്പെട്ടു. സഭയുടെ ആശങ്കകള്‍ കണക്കിലെടുത്താണ് കേന്ദ്രം ഇത്തരമൊരു തീരുമാനമെടുത്തത്. "സഭയ്ക്ക് ഞങ്ങളെ വേണ്ടെങ്കില്‍, സഭയെ തിരിച്ചും വേണ്ടെന്ന് വെക്കേണ്ടി വരും" എന്നും അദ്ദേഹം പ്രസംഗത്തിനിടെ പറഞ്ഞു.
നിലവില്‍ പാലാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഷോണ്‍ ജോര്‍ജ്, സഭയുടെ ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്ര നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു. എന്നാല്‍ സഭാനേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന രാഷ്ട്രീയ എതിര്‍പ്പുകളാണ് അദ്ദേഹത്തെ ഇത്തരമൊരു കടുത്ത പ്രതികരണത്തിന് പ്രേരിപ്പിച്ചത്.
Key Words : Anti-BJP stance, Shone George

COMMENTS