അബുദാബി: ഹോർമുസ് കടലിടുക്കിന്മേൽ ഇറാൻ നടത്തുന്ന അവകാശവാദങ്ങൾക്കും നിയന്ത്രണങ്ങൾക്കുമെതിരെ കടുത്ത നിലപാടുമായി യുഎഇ. കടലിടുക്ക് ഇറാൻ്റെ മാത്രം...
ഹോർമുസ് കടലിടുക്ക് ആഗോള വ്യാപാരത്തിൻ്റെ പ്രധാന നാഡിയാണെന്നും, അത് തോന്നുംപോലെ അടയ്ക്കാനും തുറക്കാനും ഒരു രാജ്യത്തിനും അവകാശമില്ലെന്നും അബുദാബി നാഷണൽ ഓയിൽ കമ്പനി (ADNOC) സിഇഒ സുൽത്താൻ അൽ ജാബർ പറഞ്ഞു. ഇറാൻ്റെ നടപടികൾ ആഗോള സാമ്പത്തിക ഭദ്രതയ്ക്കും സമാധാനത്തിനും വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കടലിടുക്കിൻ്റെ നിയന്ത്രണം ഉറപ്പാക്കുന്നതിനായി അമേരിക്കയുടെയും മറ്റ് സഖ്യകക്ഷികളുടെയും സൈനിക നീക്കങ്ങളിൽ പങ്കുചേരാൻ യുഎഇ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. കൂടാതെ, ഇറാൻ നിലവിൽ കൈവശം വച്ചിരിക്കുന്ന അബു മൂസ ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ ദ്വീപുകളുടെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കണമെന്ന ആവശ്യവും യുഎഇ മുന്നോട്ടുവെച്ചിട്ടുണ്ട്.
അതിനിടെ, മധ്യസ്ഥചർച്ചകളിൽ വിട്ടുവീഴ്ചാമനോഭാവത്തോടെ പങ്കെടുക്കണമെന്ന് ഖത്തർ ഇറാനോട് ആവശ്യപ്പെട്ടു. ചർച്ചകളിൽ സമുദ്രപാതകളെ വിലപേശൽ ഉപകരണമാക്കരുതെന്നും ഖത്തർ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽത്താനി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചിയുമായുള്ള ഫോൺ സംഭാഷണത്തിൽ പറഞ്ഞു.
നിലവിൽ ഇറാൻ്റെ കർശന നിയന്ത്രണങ്ങൾ കാരണം എണ്ണക്കപ്പലുകൾ ഉൾപ്പെടെ എണ്ണൂറോളം ചരക്ക് കപ്പലുകളാണ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്നത്. ഇത് ആഗോള വിപണിയിൽ വലിയ പ്രതിസന്ധിക്ക് കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
Key Words : Strait of Hormuz, Iran War, UAE

COMMENTS