ശബരിമല: സന്നിധാനത്തിനും കൊടിമരത്തിനും തൊട്ടുമുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ പറന്നത് അതീവ ഗുരുതരമായ സുരക്ഷാലംഘനമാണെന്ന് എഡിജിപി എസ്. ശ്...
ശബരിമല: സന്നിധാനത്തിനും കൊടിമരത്തിനും തൊട്ടുമുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ പറന്നത് അതീവ ഗുരുതരമായ സുരക്ഷാലംഘനമാണെന്ന് എഡിജിപി എസ്. ശ്രീജിത്തിന്റെ റിപ്പോർട്ട്. കാലാവസ്ഥാ വ്യതിയാനം മൂലമാണ് ദിശ മാറിയതെന്ന കോസ്റ്റ് ഗാർഡിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും എഡിജിപി സർക്കാരിന് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ദിവസമാണ് വിവാദത്തിനാസ്പദമായ സംഭവം നടന്നത്. സന്നിധാനത്തെ അതീവ സുരക്ഷാ മേഖലയിൽ ഉൾപ്പെടുന്ന കൊടിമരത്തിന് തൊട്ടുമുകളിലൂടെ, ഏകദേശം അഞ്ച് മീറ്റർ മാത്രം ഉയരത്തിലാണ് കോസ്റ്റ് ഗാർഡിന്റെ CG-821 ഹെലികോപ്റ്റർ പറന്നത്. ഇത് ക്ഷേത്രത്തിന്റെ സുരക്ഷയെയും ഘടനയെയും ബാധിക്കുന്ന രീതിയിലുള്ള നടപടിയാണെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു.
നിലയ്ക്കൽ മുതൽ സന്നിധാനം വരെയുള്ള മേഖല അതീവ സുരക്ഷാ പരിധിയിൽ വരുന്നതാണ്. എന്നാൽ പോലീസിനെയോ ജില്ലാ ഭരണകൂടത്തെയോ മുൻകൂട്ടി അറിയിക്കാതെയാണ് ഹെലികോപ്റ്റർ ഈ പാതയിലൂടെ സഞ്ചരിച്ചത്.
ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവർ ശ്രീകോവിലിന്റെയും സന്നിധാനത്തിന്റെയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതായി സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ഇത് ചട്ടലംഘനമാണ്. മോശം കാലാവസ്ഥ കാരണമാണ് റൂട്ട് മാറിയതെന്നായിരുന്നു കോസ്റ്റ് ഗാർഡിന്റെ വാദം. എന്നാൽ അന്ന് അത്തരത്തിലുള്ള കാലാവസ്ഥാ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിൽ പമ്പ പോലീസ് കേരള പോലീസ് ആക്ട് പ്രകാരം നിലവിൽ കേസെടുത്തിട്ടുണ്ട്. കൂടുതൽ വ്യക്തതയ്ക്കായി എയർ ട്രാഫിക് കൺട്രോളിൽ നിന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും വിവരങ്ങൾ ശേഖരിക്കാനും എഡിജിപി ശുപാർശ ചെയ്തു.
Key Words : Helicopter, Sabarimala , Security Breach, ADGP, Coast Guard

COMMENTS