ആലപ്പുഴ: ദേശീയപാത നിർമ്മാണത്തിലെ അഴിമതിക്കും ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കുമെതിരെ രൂക്ഷമായ വിമർശനവുമായി മുൻ മന്ത്രി ജി സുധാകരൻ രംഗത്ത്. ലോകത്തില...
ആലപ്പുഴ: ദേശീയപാത നിർമ്മാണത്തിലെ അഴിമതിക്കും ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കുമെതിരെ രൂക്ഷമായ വിമർശനവുമായി മുൻ മന്ത്രി ജി സുധാകരൻ രംഗത്ത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ അഴിമതി നടക്കുന്ന 75 സ്ഥാപനങ്ങളിൽ ഒന്നാണ് ഇന്ത്യയിലെ ദേശീയപാത അതോറിറ്റി എന്ന് അദ്ദേഹം ആരോപിച്ചു. നിർമ്മാണത്തിനായുള്ള വലിയ തുക എങ്ങോട്ടാണ് പോകുന്നതെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജയിലിൻ്റെ മതിൽ കെട്ടുന്നത് പോലെയാണ് ഇപ്പോൾ റോഡുകൾ നിർമ്മിക്കുന്നത്. ശാസ്ത്രീയമായ രീതിയിൽ പാലങ്ങളോ റോഡുകളോ ഡിസൈൻ ചെയ്യുന്നില്ല. പഠിച്ച കാര്യങ്ങളെല്ലാം ജോലിയിൽ പ്രവേശിക്കുമ്പോൾ എൻജിനീയർമാർ മറന്നുപോകുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
അരൂർ മുതൽ ഓച്ചിറ വരെയുള്ള ദേശീയപാതയിൽ ഹൈവേ പോലീസിന്റെ സാന്നിധ്യമില്ല. പോലീസിന്റെ കൃത്യമായ പെട്രോളിംഗ് ഇല്ലാത്തത് സുരക്ഷാ ഭീഷണിയുണ്ടാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2016-ൽ തന്റെ ഭരണകാലത്ത് 100 കോടി രൂപ അനുവദിച്ച് നിർമ്മാണം തുടങ്ങിയതാണ് പെരുമ്പളം പാലമെന്ന് പറയാത്തത് ചരിത്ര നിഷേധമാണെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ എം എൽ എയും എം പിയും അവരുടെ കാലത്താണ് പാലം തുടങ്ങിയതെന്ന് വരുത്തിത്തീർത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പഴയ കാര്യങ്ങൾ മറച്ചുപിടിക്കുക എന്നതാണ് ഇപ്പോഴത്തെ രാഷ്ട്രീയ ശൈലിയെന്ന് അദ്ദേഹം വിമർശിച്ചു. സ്വന്തം പിതൃത്വം അവകാശപ്പെടാൻ പലരും നടത്തുന്ന ശ്രമങ്ങൾ രാഷ്ട്രീയ ധാർമ്മികതയ്ക്ക് നിരക്കാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിൽ താൻ തുടങ്ങിവെച്ച പദ്ധതികൾക്ക് ഇപ്പോൾ അവകാശവാദവുമായി എത്തുന്നവരെ അദ്ദേഹം ശക്തമായ ഭാഷയിലാണ് വിമർശിച്ചത്. അടുത്തിടെ നടന്ന പെരുമ്പളം പാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്നും അദ്ദേഹം വിട്ടുനിന്നിരുന്നു.
Key words : G Sudhakaran , National Highway Authority, Corruption

COMMENTS