കൊയിലാണ്ടി: വിഷുദിനത്തിൽ കൂട്ടുകാർക്കൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെ സ്റ്റീൽ പാത്രം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പതിനാറുകാരൻ മരിച്ചു. കൊ...
കൊയിലാണ്ടി: വിഷുദിനത്തിൽ കൂട്ടുകാർക്കൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെ സ്റ്റീൽ പാത്രം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പതിനാറുകാരൻ മരിച്ചു. കൊരയങ്ങാട് തെരുവ് എടക്കോടൻ വീട്ടിൽ പരേതനായ വിനീഷിന്റെ മകൻ അദ്വൈത് (16) ആണ് മരിച്ചത്. കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് ബോയ്സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.
ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ കൊരയങ്ങാട് ക്ഷേത്രപ്പറമ്പിലായിരുന്നു നാടിനെ നടുക്കിയ സംഭവം. സ്റ്റീൽ പാത്രത്തിനുള്ളിൽ പടക്കം വെച്ച് പൊട്ടിച്ച് കൂടുതൽ ശബ്ദം കേൾപ്പിക്കാനുള്ള ശ്രമമാണ് ദുരന്തത്തിൽ കലാശിച്ചത്. പടക്കം പൊട്ടിയ ആഘാതത്തിൽ സ്റ്റീൽ പാത്രം ചിതറുകയും, അതിന്റെ കൂർത്ത ചീളുകൾ അദ്വൈതിന്റെ കഴുത്തിൽ ആഴത്തിൽ തറച്ചുകയറുകയായിരുന്നു.
കഴുത്തിലെ രക്തധമനി മുറിഞ്ഞ് അമിതമായി രക്തം വാർന്നുപോയ അദ്വൈതിനെ ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന മറ്റൊരു സുഹൃത്തിന് നിസാര പരുക്കേറ്റു. യൂട്യൂബ് വീഡിയോകൾ അനുകരിച്ച് പടക്കം പൊട്ടിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പറയപ്പെടുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. കൊയിലാണ്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

COMMENTS