കൊച്ചി: ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നുള്ള ബി. ഉണ്ണികൃഷ്ണന്റെ രാജി അടിയന്തര ജനറൽ കൗൺസിൽ യോഗം ഏകകണ്ഠമായി തള്ളി. ഇതോടെ ബി. ഉണ്ണികൃഷ്ണൻ ജ...
കൊച്ചി: ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നുള്ള ബി. ഉണ്ണികൃഷ്ണന്റെ രാജി അടിയന്തര ജനറൽ കൗൺസിൽ യോഗം ഏകകണ്ഠമായി തള്ളി. ഇതോടെ ബി. ഉണ്ണികൃഷ്ണൻ ജനറൽ സെക്രട്ടറി സ്ഥാനത്തും സിബി മലയിൽ പ്രസിഡന്റ് സ്ഥാനത്തും തുടരും.
കൊച്ചിയിൽ ചേർന്ന അടിയന്തര യോഗത്തിലാണ് സംഘടനയുടെ നിർണായക തീരുമാനം. വ്യക്തിപരമായ കാരണങ്ങളാലും പുതിയ നേതൃത്വം ചുമതലയേൽക്കട്ടെ എന്ന താല്പര്യത്താലുമാണ് താൻ സ്ഥാനമൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചതെന്ന് ബി. ഉണ്ണികൃഷ്ണൻ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ, നിലവിലെ സാഹചര്യത്തിൽ നേതൃമാറ്റം വേണ്ടെന്നും പരിചയസമ്പന്നരായ ഇരുവരും സ്ഥാനത്ത് തുടരണമെന്നും അംഗങ്ങൾ ഒന്നടങ്കം ആവശ്യപ്പെടുകയായിരുന്നു.
ഏകദേശം 18 വർഷമായി സംഘടനയെ നയിക്കുന്ന ബി. ഉണ്ണികൃഷ്ണൻ, എഴുത്തിലേക്കും യാത്രകളിലേക്കും അധ്യാപനത്തിലേക്കും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ സംഘടനയുടെ താല്പര്യം പരിഗണിച്ച് അദ്ദേഹം തീരുമാനം പിൻവലിച്ചു. എങ്കിലും, സംഘടനാ കാര്യങ്ങളിൽ പഴയതുപോലെ സജീവമായി മുഴുവൻ സമയവും ഇടപെടാൻ കഴിയില്ലെന്ന നിബന്ധനയോടെയാണ് അദ്ദേഹം പദവിയിൽ തുടരുന്നത്. മലയാള സിനിമാ മേഖലയിലെ തൊഴിലാളികളുടെ അവകാശങ്ങൾക്കായി ശക്തമായി നിലകൊള്ളുന്ന സംഘടനയാണ് ഫെഫ്ക.
Key Words : FEFKA, B. Unnikrishnan

COMMENTS