തിരുവനന്തപുരം : സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എക്സിറ്റ് പോൾ ഫലം വന്നതിന് പിന്നാലെ മാധ്...
തിരുവനന്തപുരം : സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എക്സിറ്റ് പോൾ ഫലം വന്നതിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു അദേഹം. എൽഡിഎഫിനെ സംബന്ധിച്ചിടത്തോളം യാതൊരു ഉത്കണ്ഠയുമില്ല, പുറത്ത് വന്ന സർവേ രണ്ട് കാര്യങ്ങൾ വളരെ വ്യക്തതയോടു കൂടി ജനങ്ങളുടെ മുൻപിൽ അവതരിപ്പിച്ചു. സർക്കാർ വിരുദ്ധ വികാരമില്ല എന്നതാണ് ഒന്നാമത്തെ കാര്യം. മുഖ്യമന്ത്രിയാകാൻ സാധ്യതയുള്ള പ്രമുഖനായ നേതാവ് പിണറായി വിജയനാണെന്ന് പറഞ്ഞതാണ് രണ്ടാമത്തെ കാര്യം. ഈ രണ്ട് കാര്യവും സർവേയുടെ ഭാഗമായി വന്നിട്ടുള്ളതാണ്. എൽഡിഎഫിന് 60 മുതൽ 69 വരെയുള്ള സീറ്റാണ് പ്രവചിച്ചിരിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 69 എന്ന് പറയുമ്പോൾ രണ്ട് സീറ്റിന്റെ വ്യത്യാസമാണ് ഉള്ളത്. മാത്രമല്ല, സർവേയിൽ തന്നെ അഞ്ചോ-എട്ടോ വ്യത്യാസം വരാനുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട്.
യഥാർത്ഥത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വിജയ സാധ്യതയാണ് സർവേ റിപ്പോർട്ടിൽ പറയുന്നത്. അതുകൊണ്ട് തന്നെ എൽഡിഎഫിൽ യാതൊരു വിധ ഉത്കണ്ഠയുമില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരുമെന്ന് പരസ്യമായി പറയാതെ രഹസ്യമായി പറയുന്ന ഒന്നാണ് എക്സിറ്റ് പോളുകൾ. അതിന് ഉദാഹരമാണ് സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ല എന്ന് എക്സിറ്റ് പോളുകൾ തന്നെ പറഞ്ഞത്. യാതൊരു വിധ സംശയവുമില്ല, ഇടതുപക്ഷ ജനാധിപത്യ മുന്നണി തന്നെ വീണ്ടും അധികാരത്തിൽ വരും. പിന്നെ അസംഭവ്യമായ പല കാര്യങ്ങളും സർവേയിൽ പറയുന്നുണ്ട്. 14 സീറ്റ് വരെയാണ് ബിജെപിക്ക് പ്രവചിച്ചിരിക്കുന്നത്. അതൊക്കെ എന്തടിസ്ഥാനത്തിലുള്ള സർവേകളാണ്.? ഒരു സീറ്റ് പോലും ഇത്തവണ ബിജെപിക്ക് ലഭിക്കില്ല.
ചില സർവേകളിൽ ആത്മനിഷ്ഠ ഘടകം കൂടി ഭാഗമായിട്ടുണ്ട്. യുഡിഎഫിനെ ജയിപ്പിച്ചേ അടങ്ങൂ എന്ന് തീരുമാനിക്കുന്ന ചില പത്രങ്ങൾ സർവേ നടത്തിയാൽ, അതിൽ ആത്മനിഷ്ഠ ഘടകം കൂടി ചേർന്നാൽ അവർ തന്നെ ജയിക്കുമെന്ന് പ്രഖ്യാപിക്കും. എൽഡിഎഫിന്റെ ആത്മനിഷ്ഠ ഘടകം പ്രഖ്യാപിക്കാൻ പത്രവും വാർത്തയും കേരളത്തിലും ഇന്ത്യയിലും ഇല്ല. അതുകൊണ്ട് എൽഡിഎഫിനെ സംബന്ധിച്ചിടത്തോളം യാതൊരു സംശയവുമില്ല.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ അധികാരത്തിൽ കൊണ്ടുവരുമെന്ന പരസ്യ പ്രഖ്യാപനത്തിന്റെ ഉള്ളറകളാണ് യഥാർത്ഥത്തിൽ സർവേ സൂക്ഷ്മമായി പരിശോധിച്ചാൽ കാണാൻ സാധിക്കുകയെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. സർവേകളിലും മറ്റ് റിപ്പോർട്ടുകളേക്കാൾ ഉപരി ജനങ്ങളിലാണ് എൽഡിഎഫിന്റെ വിശ്വാസമെന്നും അദേഹം കൂട്ടിച്ചേർത്തു.
Key Words : Exit poll , MV Govindan

COMMENTS