സ്നേഹത്തിൻ്റെയും പ്രത്യാശയുടെയും സന്ദേശമുയർത്തി ലോകമെങ്ങും ഈസ്റ്റർ ആഘോഷിക്കുന്നു . പുലർച്ചെ മുതൽ ദേവാലയങ്ങളില്‍ ഉയിർപ്പ് പെരുന്നാളിൻ്റെ പ്രത...
സ്നേഹത്തിൻ്റെയും പ്രത്യാശയുടെയും സന്ദേശമുയർത്തി ലോകമെങ്ങും ഈസ്റ്റർ ആഘോഷിക്കുന്നു . പുലർച്ചെ മുതൽ ദേവാലയങ്ങളില്‍ ഉയിർപ്പ് പെരുന്നാളിൻ്റെ പ്രത്യേക പ്രാർത്ഥനകള്‍ നടക്കുകയാണ്.
കോട്ടയം പാമ്പാടി മാർ കുറിയാക്കോസ് ദയറായിൽ ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ക്രിസ്തുവിൻ്റെ ഉയിർപ്പ് പെരുന്നാളിൻ്റെ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
തിരുവനന്തപുരം പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ ഈസ്റ്റർ കുർബാനയ്ക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ മുഖ്യകാർമികത്വം വഹിച്ചു. ലോകം ഭയപ്പാടിലെന്നും യുദ്ധം എല്ലാവരെയും വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് ഭയം മാറാനും യുദ്ധം അവസാനിക്കാനും ഈ ഉയർപ്പ് ദിനം പ്രാർത്ഥിക്കാമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
അങ്കമാലി ഭദ്രാസനത്തിലെ പെരുമ്പാവൂർ മേഖലയിലെ നെല്ലിമോളം സെന്റ് മേരീസ് സെഹിയോൻ യാക്കോബായ സുറിയാനി പള്ളിയില്‍ ഇന്നലെ വൈകിട്ട് 6.30-ന് സന്ധ്യാ നമസ്കാരത്തോടെ ശുശ്രൂഷകള്‍ക്ക് തുടക്കമായി. തുടർന്ന് ഉയിർപ്പിന്റെ പ്രത്യേക ശുശ്രൂഷയും വിശുദ്ധ കുർബ്ബാനയും നടന്നു. ശുശ്രൂഷകള്‍ക്ക് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ മുഖ്യ കാർമികത്വം വഹിച്ചു.
യേശു മരണത്തെ തോല്‍പ്പിച്ച് മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മനാളാണ് ഈസ്റ്റര്‍. സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും ആനന്ദത്തിരുനാള്‍. 51 ദിവസത്തെ നോമ്പാചരണത്തിന്റെ പവിത്രതയോടെ വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷമാക്കുന്നു.
കഠിന യാതനകള്‍ക്കൊടുവില്‍ സന്തോഷത്തിന്റെ പുനരുത്ഥാനം സംഭവിക്കുക തന്നെ ചെയ്യുമെന്ന പ്രതീക്ഷയാണ് യേശുവിന്റെ ഉയിര്‍പ്പ് തിരുനാള്‍ മുന്നോട്ടുവയ്ക്കുന്നത്. ജീവിതത്തിലും മുള്‍ക്കിരീടമണിഞ്ഞുള്ള കുരിശേറ്റത്തിന് പിന്നാലെ സ്‌നേഹസന്തോഷങ്ങളുടെ ഉയിര്‍പ്പുണ്ടാവുക തന്നെ ചെയ്യുമെന്ന ഓര്‍മ്മപ്പെടുത്തലാണത്.
Key Words : Easter Day

COMMENTS