ആലപ്പുഴ: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ വോട്ട് കോഴ വിവാദത്തിന് പിന്നാലെ ബിജെപിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. ബിജെപി സ്ഥാനാർത്ഥി ശോഭ സ...
ആലപ്പുഴ: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ വോട്ട് കോഴ വിവാദത്തിന് പിന്നാലെ ബിജെപിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ തന്നെ ഫോണിലൂടെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തെന്ന് ആരോപിച്ച് ആലപ്പുഴ നോർത്ത് ബിജെപി മുൻ ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു വിനയകുമാർ പരാതി നൽകി. ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്കാണ് ബിന്ദു പരാതി നൽകിയത്.
പാലക്കാട് വോട്ടർമാർക്ക് വിതരണം ചെയ്യാനായി പണമെത്തിച്ചത് ബിന്ദുവാണെന്ന് ശോഭ സുരേന്ദ്രൻ ആരോപിച്ചതായും, ഫോണിലൂടെ വിളിച്ച് "കരണം അടിച്ചുപൊളിക്കും" എന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. ശോഭ സുരേന്ദ്രൻ അസഭ്യം പറയുന്നതും ഭീഷണിപ്പെടുത്തുന്നതുമായ ഫോൺ സംഭാഷണത്തിന്റെ ഓഡിയോ റെക്കോർഡിംഗും ബിന്ദു മാധ്യമങ്ങൾക്ക് മുന്നിൽ പുറത്തുവിട്ടു.
"പാലക്കാട് പണം വിതരണം ചെയ്ത സംഭവവുമായി എനിക്ക് യാതൊരു ബന്ധവുമില്ല. ശോഭ സുരേന്ദ്രൻ ഒരു പെൺ ഗുണ്ടയെപ്പോലെയാണ് പെരുമാറുന്നത്. എന്റെ കുടുംബത്തെയും വ്യക്തിത്വത്തെയും അവർ അപമാനിച്ചു," ബിന്ദു വിനയകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, പാർട്ടി സ്ഥാനാർത്ഥിക്കെതിരെ പരസ്യമായി രംഗത്തുവന്ന ബിന്ദു വിനയകുമാറിനെതിരെ ബിജെപി നേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ചു. ഗുരുതരമായ അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി ബിന്ദുവിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് അറിയിച്ചു.
ഏപ്രിൽ 8-ന് പാലക്കാട് കണ്ണാടി പഞ്ചായത്തിൽ വോട്ടർമാർക്ക് പണം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദമാണ് ഇപ്പോൾ പാർട്ടിയിലെ മുതിർന്ന നേതാക്കൾ തമ്മിലുള്ള പരസ്യമായ പോരിലേക്ക് വഴിമാറിയിരിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Key Words : BJP, Shobha Surendran, Bindu Vinayakumar

COMMENTS