ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് വിമാന ഇന്ധനത്തിൻ്റെ വില കുത്തനെ ഉയർന്നതോടെ ഇന്ത്യയിലെ വ്യോമയാന മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. ഇന്...
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് വിമാന ഇന്ധനത്തിൻ്റെ വില കുത്തനെ ഉയർന്നതോടെ ഇന്ത്യയിലെ വ്യോമയാന മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. ഇന്ധനവില കുറയ്ക്കാൻ സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ സർവീസുകൾ നിർത്തിവെക്കേണ്ടി വരുമെന്ന് കാട്ടി വിമാനക്കമ്പനികളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു.
വിമാനക്കമ്പനികൾ നിലവിൽ വലിയ സാമ്പത്തിക സമ്മർദ്ദത്തിലാണെന്നും പ്രവർത്തനം നിർത്തുന്നതിന്റെ വക്കിലാണെന്നും ഏപ്രിൽ 26-ന് അയച്ച കത്തിൽ എഫ്.ഐ.എ. മുന്നറിയിപ്പ് നൽകുന്നു. ഇൻഡിഗോ, എയർ ഇന്ത്യ, സ്പൈസ് ജെറ്റ് തുടങ്ങിയ പ്രമുഖ കമ്പനികൾ ഈ കൂട്ടായ്മയിൽ അംഗങ്ങളാണ്.
ആഭ്യന്തര സർവീസുകൾക്കുള്ള ഇന്ധനവില വർധന ലിറ്ററിന് 15 രൂപയായി കേന്ദ്രം പരിമിതപ്പെടുത്തിയെങ്കിലും, അന്താരാഷ്ട്ര സർവീസുകൾക്കുള്ള വില ലിറ്ററിന് 73 രൂപയോളം വർധിച്ചത് വലിയ തിരിച്ചടിയായതായി കമ്പനികൾ ചൂണ്ടിക്കാട്ടുന്നു. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം ആഗോളതലത്തിൽ എണ്ണവില വർധിച്ചതും വ്യോമപാതകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും പ്രവർത്തനച്ചെലവ് ക്രമാതീതമായി ഉയരാൻ കാരണമായി. വിമാനക്കമ്പനികളുടെ മൊത്തം ചെലവിന്റെ 40 ശതമാനത്തോളവും ഇന്ധനത്തിനായാണ് ചെലവാകുന്നത്.
വിമാന ഇന്ധനത്തിന്മേലുള്ള 11% എക്സൈസ് ഡ്യൂട്ടി താൽക്കാലികമായി ഒഴിവാക്കുക, സംസ്ഥാനങ്ങൾ ഈടാക്കുന്ന ഉയർന്ന വാറ്റ് (VAT) നിരക്കുകൾ കുറയ്ക്കാൻ ഇടപെടുക, പഴയ 'ക്രാക്ക് ബാൻഡ്' വിലനിർണ്ണയ രീതി പുനഃസ്ഥാപിക്കുക എന്നിവയാണ് പ്രധാന ആവശ്യം.
പ്രതിസന്ധി തുടർന്നാൽ വിമാന നിരക്കുകൾ ഇനിയും ഉയരാനും പല സർവീസുകളും റദ്ദാക്കപ്പെടാനും സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Key Words : Aviation Fuel Price Hike, Airlines

COMMENTS