കാഞ്ഞങ്ങാട്: തൃക്കരിപ്പൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യർക്ക് നേരെ പടന്നക്കാട് നെഹ്‌റു കോളേജിൽ വെച്ച് ആക്രമണം. വോട്ട് അഭ്യർത്...
കാഞ്ഞങ്ങാട്: തൃക്കരിപ്പൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യർക്ക് നേരെ പടന്നക്കാട് നെഹ്‌റു കോളേജിൽ വെച്ച് ആക്രമണം. വോട്ട് അഭ്യർത്ഥിക്കുന്നതിനായി കോളേജ് ക്യാമ്പസിൽ എത്തിയപ്പോഴാണ് ഒരു വിഭാഗം വിദ്യാർത്ഥികൾ സ്ഥാനാർത്ഥിയെയും സംഘത്തെയും തടഞ്ഞത്. ആക്രമണത്തിൽ രണ്ട് യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റു.
തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. കോളേജിൽ വോട്ട് ചോദിക്കാനെത്തിയ സന്ദീപ് വാര്യരെ എസ്എഫ്ഐ പ്രവർത്തകർ തടയുകയും ഗോബാക്ക് വിളികളുമായി പ്രതിഷേധിക്കുകയും ചെയ്തതായി യുഡിഎഫ് നേതൃത്വം ആരോപിച്ചു. ഇതിനിടെയുണ്ടായ സംഘർഷത്തിലാണ് പ്രവർത്തകർക്ക് മർദ്ദനമേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജനാധിപത്യപരമായ പ്രചാരണ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് നടന്നതെന്ന് യുഡിഎഫ് മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. ഏതാനും ദിവസങ്ങൾക്ക് മുൻപ് ചെറുവത്തൂർ ബസ് സ്റ്റാൻഡിൽ വെച്ചും സന്ദീപ് വാര്യരുടെ പ്രചാരണ വാഹനത്തിന് നേരെ തടസ്സപ്പെടുത്തലുകൾ ഉണ്ടായിരുന്നു. തുടർച്ചയായുണ്ടാകുന്ന ഇത്തരം അക്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് യുഡിഎഫ് തീരുമാനം.
സംഭവത്തെത്തുടർന്ന് പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വരണാധികാരിക്കും പോലീസിനും പരാതി നൽകുമെന്ന് സ്ഥാനാർത്ഥി അറിയിച്ചു.
Key Words : Attack, UDF, Sandeep Warrier, Thrikaripur

COMMENTS