1972-ന് ശേഷം ചന്ദ്രനിലേക്കുള്ള മനുഷ്യന്റെ ആദ്യയാത്ര വിജയകരമായി പൂർത്തിയാക്കി നാസയുടെ ആർട്ടെമിസ് 2 (Artemis II) ദൗത്യം ഭൂമിയിലേക്ക് മടങ്ങുന്ന...
1972-ന് ശേഷം ചന്ദ്രനിലേക്കുള്ള മനുഷ്യന്റെ ആദ്യയാത്ര വിജയകരമായി പൂർത്തിയാക്കി നാസയുടെ ആർട്ടെമിസ് 2 (Artemis II) ദൗത്യം ഭൂമിയിലേക്ക് മടങ്ങുന്നു. പത്ത് ദിവസം നീണ്ടുനിന്ന പര്യവേക്ഷണത്തിന് ശേഷം ഏപ്രിൽ 11-ന് പേടകം പസഫിക് സമുദ്രത്തിൽ പതിക്കും. ചന്ദ്രനെ വലംവെച്ച് ഭൂമിയുടെ ഗുരുത്വാകർഷണ വലയത്തിലേക്ക് പ്രവേശിച്ച ഓറിയോൺ (Orion) പേടകം നിലവിൽ യാത്രയുടെ അവസാന ഘട്ടത്തിലാണെന്ന് നാസ അറിയിച്ചു.
നാളെ പുലർച്ചെ ഇന്ത്യൻ സമയം 5:37-ഓടെ സാൻ ഡീഗോ തീരത്തായിരിക്കും പേടകത്തിന്റെ 'സ്പ്ലാഷ് ഡൗൺ' നടക്കുക. മണിക്കൂറിൽ ഏകദേശം 40,000 കിലോമീറ്റർ വേഗതയിൽ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന പേടകം, ഘർഷണം മൂലമുണ്ടാകുന്ന 2,700 ഡിഗ്രി സെൽഷ്യസിലധികം ചൂടിനെ അതിജീവിച്ചാണ് കടലിൽ പതിക്കുക. പേടകത്തെയും അതിലുള്ള നാല് ബഹിരാകാശ യാത്രികരെയും സ്വീകരിക്കാൻ യുഎസ് നാവികസേനയുടെ കപ്പലുകൾ സാൻ ഡീഗോ തീരത്ത് സജ്ജമായിക്കഴിഞ്ഞു.
റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോക്ക്, ജെറമി ഹാൻസെൻ എന്നിവരടങ്ങുന്ന സംഘമാണ് ഈ ചരിത്ര ദൗത്യത്തിന്റെ ഭാഗമായത്. ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യർ എന്ന റെക്കോർഡും ഈ യാത്രയോടെ ഇവർ സ്വന്തമാക്കി. ചന്ദ്രനിൽ മനുഷ്യനെ ഇറക്കുന്ന അടുത്ത വർഷത്തെ 'ആർട്ടെമിസ് 3' ദൗത്യത്തിന് മുന്നോടിയായുള്ള നിർണ്ണായക പരീക്ഷണമായിരുന്നു ഇത്. പേടകം സുരക്ഷിതമായി കടലിൽ പതിക്കുന്നതോടെ ആർട്ടെമിസ് 2 ദൗത്യത്തിന് ഔദ്യോഗികമായി സമാപ്തിയാകും.
Key Words: Artemis 2, Lunar mission

COMMENTS