തിരുവനന്തപുരം: ബിജെപി നേതാക്കളായ പി.സി. ജോർജും മകൻ ഷോൺ ജോർജും കത്തോലിക്കാ സഭാ നേതൃത്വത്തിനെതിരെയും സഭയുടെ മുഖപത്രമായ 'ദീപിക'യ്‌ക്കെത...
തിരുവനന്തപുരം: ബിജെപി നേതാക്കളായ പി.സി. ജോർജും മകൻ ഷോൺ ജോർജും കത്തോലിക്കാ സഭാ നേതൃത്വത്തിനെതിരെയും സഭയുടെ മുഖപത്രമായ 'ദീപിക'യ്‌ക്കെതിരെയും നടത്തിയ വിവാദ പ്രസ്താവനകളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിൽ കടുത്ത അതൃപ്തി പുകയുന്നു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സഭാനേതൃത്വം യുഡിഎഫിനെ സഹായിച്ചുവെന്ന ഇവരുടെ ആരോപണം പാർട്ടിയുടെ ക്രിസ്ത്യൻ ഔട്ട്‌റീച്ച് പ്രവർത്തനങ്ങൾക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ കന്യാസ്ത്രീകളെ വിളിച്ച് യുഡിഎഫിന് വോട്ട് ചെയ്യാൻ നിർദ്ദേശിച്ചുവെന്നും സഭയുടേത് 'വൃത്തികെട്ട പണിയാണെന്നുമാണ്' പി.സി. ജോർജ് ആരോപിച്ചത്. സഭയ്ക്ക് വേണ്ടെങ്കിൽ സഭയെ ഉപേക്ഷിക്കാൻ മടിക്കില്ലെന്ന് ഷോൺ ജോർജും തുറന്നടിച്ചു. ദീപിക പത്രത്തിൽ വന്ന ലേഖനങ്ങൾ ബിജെപിയെ ലക്ഷ്യം വെച്ചുള്ളതാണെന്നായിരുന്നു ഇവരുടെ വാദം.
ക്രൈസ്തവ വിഭാഗങ്ങളെ പാർട്ടിയോട് അടുപ്പിക്കാൻ ദേശീയ നേതൃത്വത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടപ്പിലാക്കി വന്ന 'സ്നേഹയാത്ര' ഉൾപ്പെടെയുള്ള പരിപാടികളുടെ വിശ്വാസ്യതയെ ഈ പ്രസ്താവനകൾ ബാധിക്കുമെന്ന് ബിജെപി ഭയപ്പെടുന്നു. വോട്ട് ബാങ്ക് വിപുലീകരിക്കാനുള്ള ബിജെപിയുടെ നീക്കങ്ങളെ ഈ പരസ്യവിമർശനം തടസ്സപ്പെടുത്തുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ പക്ഷം.
ഇരുവരുടെയും പ്രതികരണങ്ങൾ ബിജെപിയുടെ ഔദ്യോഗിക നിലപാടല്ലെന്നും വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നും മൈനോറിറ്റി മോർച്ച വ്യക്തമാക്കി. എന്നാൽ സഭയുമായി ദീർഘകാലമായി ബന്ധം പുലർത്തുന്ന മറ്റു നേതാക്കൾക്കിടയിൽ ഈ വിഷയം വലിയ ചർച്ചയായിട്ടുണ്ട്.
പി.സി. ജോർജിന്റെ പ്രസ്താവനകളെ രാഷ്ട്രീയ അവസരവാദമെന്നാണ് ദീപിക വിശേഷിപ്പിച്ചത്. ഭീഷണികൾക്ക് വഴങ്ങില്ലെന്നും സഭയുടെ നിലപാടുകളിൽ മാറ്റമുണ്ടാകില്ലെന്നും അവർ വ്യക്തമാക്കി.
Key Words : Anti-church remarks, BJP, PC George, Shone George

COMMENTS