പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പാലക്കാട്ട് വോട്ടർമാർക്കിടയിൽ ബിജെപി പണം വിതരണംചെയ്തെന്ന സംഭവത്തിൽ തിരഞ്...
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പാലക്കാട്ട് വോട്ടർമാർക്കിടയിൽ ബിജെപി പണം വിതരണംചെയ്തെന്ന സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി കോൺഗ്രസ് .ബി.ജെ.പി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപിച്ച് കോൺഗ്രസാണ് ആദ്യം രംഗത്തെത്തിയത്. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പാലക്കാട് ജില്ലാ കളക്ടറോട് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്.
കണ്ണാടി പഞ്ചായത്തിലെ തരുവകുറിശ്ശിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ ബി.ജെ.പി പണം വിതരണം ചെയ്തു എന്നാണ് പ്രധാന ആരോപണം. ഒരു വയോധികയുടെ വീട്ടിലെത്തി 5,000 രൂപ നൽകിയതായി കോൺഗ്രസ് ആരോപിക്കുന്നു.
ശോഭാ സുരേന്ദ്രൻ സഞ്ചരിച്ച കാറിൽ നിന്നിറങ്ങിയ ഒരു സ്ത്രീ വയോധികയ്ക്ക് പണം നൽകുന്നതും, ഇത് ചോദ്യം ചെയ്ത പ്രാദേശിക കോൺഗ്രസ് പ്രവർത്തകർക്കെതിരെ സ്ഥാനാർത്ഥി രൂക്ഷമായി പ്രതികരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചവരുടെ മൊബൈൽ ഫോൺ തട്ടിപ്പറിക്കാൻ ശ്രമം നടന്നതായും പരാതിയുണ്ട്.
പണം വിതരണം ചെയ്തതിന് പുറമെ, ഒരു ക്ഷേത്രത്തിന് 50,000 രൂപ നൽകിയെന്നും വിജയിക്കുകയാണെങ്കിൽ പുനരുദ്ധാരണത്തിനായി 10 ലക്ഷം രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്തതായും കോൺഗ്രസ് ആരോപിച്ചു.
തനിക്കെതിരെയുള്ളത് ബോധപൂർവമായ ഗൂഢാലോചനയാണെന്നും വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും സ്ഥാനാർത്ഥി വ്യക്തമാക്കി. ആരോപണങ്ങൾ തിരഞ്ഞെടുപ്പ് ജയത്തെ തടയാനുള്ള എതിരാളികളുടെ തന്ത്രമാണെന്നും ബി.ജെ.പി നേതൃത്വം പ്രതികരിച്ചു.
താൻ ആരുടെയും പക്കൽ നിന്നും പണം വാങ്ങിയിട്ടില്ലെന്നും തന്റെ കൈവശമുള്ളത് ക്ഷേമപെൻഷൻ തുകയാണെന്നുമാണ് വയോധിക പിന്നീട് മാധ്യമങ്ങളോട് പറഞ്ഞത്.
തിരഞ്ഞെടുപ്പ് ഫ്‌ളയിംഗ് സ്ക്വാഡ് സംഭവസ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. ജില്ലാ കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ തുടർനടപടികൾ സ്വീകരിക്കും. പോലീസ് സ്പെഷ്യൽ ബ്രാഞ്ചും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്.
Key Words : Vote Bribery, Palakkad, Election Commission , Collector, Sobha Surendran

COMMENTS