ന്യൂഡൽഹി: ആം ആദ്മി പാർട്ടിക്ക് കനത്ത ആഘാതം നൽകിക്കൊണ്ട് രാജ്യസഭാ എംപിമാരായ രാഘവ് ഛദ്ദയും മറ്റ് ആറ് അംഗങ്ങളും ബിജെപിയിൽ ലയിച്ചു. എംപിമാരുടെ ഈ...
ന്യൂഡൽഹി: ആം ആദ്മി പാർട്ടിക്ക് കനത്ത ആഘാതം നൽകിക്കൊണ്ട് രാജ്യസഭാ എംപിമാരായ രാഘവ് ഛദ്ദയും മറ്റ് ആറ് അംഗങ്ങളും ബിജെപിയിൽ ലയിച്ചു. എംപിമാരുടെ ഈ നീക്കത്തിന് രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണൻ ഔദ്യോഗികമായി അംഗീകാരം നൽകി. ഇതോടെ രാജ്യസഭയിൽ ബിജെപിയുടെ ആകെ അംഗബലം 113 ആയി ഉയർന്നു.
രാഘവ് ഛദ്ദയെക്കൂടാതെ സന്ദീപ് പഥക്, അശോക് മിത്തൽ, വിക്രംജിത് സിംഗ് സാഹ്നി, ഹർഭജൻ സിംഗ്, സ്വാതി മലിവാൾ, രജീന്ദർ ഗുപ്ത എന്നിവരാണ് ബിജെപി പാളയത്തിലെത്തിയത്. എഎപി വിട്ട ഏഴ് പേരിൽ ആറുപേരും പഞ്ചാബിൽ നിന്നുള്ളവരാണ്. ഇതോടെ 10 അംഗങ്ങളുണ്ടായിരുന്ന സഭയിൽ എഎപിയുടെ കരുത്ത് മൂന്നായി ചുരുങ്ങി. മൂന്നിൽ രണ്ട് ഭാഗം അംഗങ്ങളും കൂറുമാറിയതിനാൽ സാങ്കേതികമായി ഇവർക്ക് അയോഗ്യത നേരിടേണ്ടി വരില്ല.
താൻ സ്ഥാപിക്കാൻ കൂടെനിന്ന പാർട്ടി ഇപ്പോൾ പഴയതുപോലെയല്ലെന്ന് ലയനത്തിന് ശേഷം രാഘവ് ഛദ്ദ പ്രതികരിച്ചു. "എൻ്റെ യൗവനത്തിലെ 15 വർഷങ്ങൾ ഞാൻ ഈ പാർട്ടിക്കായി നൽകി. എന്നാൽ ഇന്ന് പാർട്ടി അഴിമതിക്കാരായ ചുരുക്കം ചിലരുടെ കൈപ്പിടിയിലാണ്. ശരിയായ വ്യക്തി തെറ്റായ പാർട്ടിയിൽ അകപ്പെട്ട അവസ്ഥയായിരുന്നു എൻ്റേത്," ഛദ്ദ പറഞ്ഞു. ജോലി ചെയ്യാൻ അനുവദിക്കാത്ത വിഷലിപ്തമായ സാഹചര്യമാണ് പാർട്ടിയിലുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പുതിയ അംഗങ്ങളെ കേന്ദ്രമന്ത്രി കിരൺ റിജിജു സ്വാഗതം ചെയ്തു. മാന്യമായ പെരുമാറ്റവും അച്ചടക്കവുമുള്ള നേതാക്കളാണ് ബിജെപിയിൽ എത്തിയിരിക്കുന്നതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ഇന്ത്യാ സഖ്യത്തിന് വിട നൽകി, പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രാഷ്ട്രനിർമ്മാണത്തിനായി എൻഡിഎയിലേക്ക് എത്തിയവർക്ക് സ്വാഗതം," അദ്ദേഹം കുറിച്ചു
സഞ്ജയ് സിംഗ്, നാരായൺ ദാസ് ഗുപ്ത, ബൽബീർ സിംഗ് സീചേവാൾ എന്നിവർ മാത്രമാണ് ഇപ്പോൾ രാജ്യസഭയിൽ എഎപിക്കായുള്ളത്. പഞ്ചാബിൽ നിന്നുള്ള ഏക എഎപി എംപിയായി ബൽബീർ സിംഗ് മാറി.
ഏപ്രില്‍ 24-നാണ് ആം ആദ്മി പാര്‍ട്ടിക്ക് കനത്ത ആഘാതം നല്‍കിക്കൊണ്ട് ഏഴ് മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ട് ബി ജെ പിയില്‍ ചേര്‍ന്നത്. എം പിമാരുടെ ലയനം നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി രംഗത്തെത്തിയിട്ടുണ്ട്. ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ (അയോഗ്യതാ നിയമം) പ്രകാരം എം പിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി പരാതി നല്‍കിയിട്ടുണ്ടെന്ന് എ എ പി നേതാവ് സഞ്ജയ് സിംഗ് ഞായറാഴ്ച വ്യക്തമാക്കിയിരുന്നു.
Key Words : AAP, Raghav Chadha, BJP, Rajya Sabha Chairman

COMMENTS