ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തുണ്ടായ ഇന്ധന-പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ നിർണ്ണായക നീക്കങ്ങളുമായി ക...
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തുണ്ടായ ഇന്ധന-പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ നിർണ്ണായക നീക്കങ്ങളുമായി കേന്ദ്ര സർക്കാർ. സംസ്ഥാനങ്ങൾക്ക് 40,000 കിലോലിറ്റർ മണ്ണെണ്ണ അധികമായി അനുവദിക്കാൻ കേന്ദ്രം തീരുമാനിച്ചു. എൽപിജി ക്ഷാമം മൂലം ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് ഈ നടപടിയെന്ന് പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ അറിയിച്ചു.
എൽപിജി ബുക്കിങ്ങിൽ നിയന്ത്രണം
പാചകവാതക വിതരണത്തിലെ തടസ്സങ്ങൾ പരിഗണിച്ച് ഗ്യാസ് ബുക്കിങ് ഇടവേളകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിൽ സിലിണ്ടർ ബുക്ക് ചെയ്യാനുള്ള ഇടവേള 45 ദിവസമായും നഗരങ്ങളിൽ 25 ദിവസമായും ഉയർത്തി. ഇന്നലെ അർദ്ധരാത്രി മുതൽ ഈ നിയന്ത്രണം പ്രാബല്യത്തിൽ വന്നു.
ഹോട്ടൽ മേഖലയിൽ പ്രതിസന്ധി
വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ രാജ്യത്തെ ഹോട്ടൽ വ്യവസായം കടുത്ത പ്രതിസന്ധിയിലാണ്. കേരളത്തിൽ മാത്രം കഴിഞ്ഞ ദിവസം 20 ശതമാനത്തോളം ഹോട്ടലുകൾ അടച്ചുപൂട്ടിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന സർക്കാരുകളുടെ ശുപാർശ പ്രകാരം തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് വാണിജ്യ സിലിണ്ടറുകൾ ലഭ്യമാക്കാനും തീരുമാനമായിട്ടുണ്ട്.
അതേസമയം, രാജ്യത്തെ ക്രൂഡ് ഓയിൽ വിതരണത്തിൽ നിലവിൽ തടസ്സങ്ങളില്ലെന്നും പെട്രോൾ പമ്പുകളിൽ ഇന്ധനക്ഷാമം ഉണ്ടാകില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. പശ്ചിമേഷ്യൻ സാഹചര്യം സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
Key Words : West Asian Conflict, Kerosene, Fuel Crisis

COMMENTS