ന്യൂഡൽഹി: പശ്ചിമേഷ്യയിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന യുദ്ധ സാഹചര്യത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിക്കൊണ്ട് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ....
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന യുദ്ധ സാഹചര്യത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിക്കൊണ്ട് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഏത് പ്രതിസന്ധിയും ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ പരിഹരിക്കാനാകൂവെന്ന് അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും, യുദ്ധം ഒഴിവാക്കി സംയമനം പാലിക്കണമെന്നും ജയശങ്കർ ആവശ്യപ്പെട്ടു.
സംഘർഷം തുടങ്ങിയ ദിവസം തന്നെ, സംയമനം പാലിക്കണമെന്നും, സംഘർഷം വർധിക്കുന്നത് ഒഴിവാക്കണമെന്നും, സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും ആവശ്യപ്പെട്ടിരുന്നുവെന്നും മന്ത്രി സഭയെ അറിയിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ക്യാബിനറ്റ് കമ്മിറ്റി ഓൺ സെക്യൂരിറ്റി യോഗത്തിൽ സ്ഥിതിഗതികൾ വിലയിരുത്തിയതായി അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷയെക്കുറിച്ചും, പ്രാദേശിക സുരക്ഷയിലും സാമ്പത്തിക-വാണിജ്യ പ്രവർത്തനങ്ങളിലും ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചും കമ്മിറ്റി ആശങ്ക പ്രകടിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് വിമാന സർവീസുകൾ റദ്ദാക്കിയതോടെ അവിടെ കുടുങ്ങിപ്പോയ ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കാൻ സർക്കാർ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം ഉറപ്പുനൽകി. ഗൾഫ് രാജ്യങ്ങളിലായി ഏകദേശം ഒരു കോടി ഇന്ത്യൻ പൗരന്മാർ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നുണ്ടെന്നും ഇറാനിൽ വേറെയുമുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു.
കഴിഞ്ഞ രണ്ട് മാസത്തിനിടെ ഈ മേഖലയിലെ വിവിധ രാജ്യങ്ങളിലുള്ള ഇന്ത്യക്കാർക്ക് നൽകിയ നിർദേശങ്ങളെക്കുറിച്ചും തിരികെ വരാൻ ആഗ്രഹിച്ചവരെ സഹായിക്കാൻ നടത്തിയ ശ്രമങ്ങളെക്കുറിച്ചും അദ്ദേഹം സഭയെ അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ നൂറിലധികം വിമാനങ്ങൾ സിവിൽ ഏവിയേഷൻ മന്ത്രാലയം ഉറപ്പാക്കിയിട്ടുണ്ട്. ഞായറാഴ്ച വരെയുള്ള കണക്കനുസരിച്ച് ഏകദേശം 67,000 പൗരന്മാർ നാട്ടിൽ തിരിച്ചെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഗൾഫ് മേഖല ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളി കൂടിയാണ്. പ്രതിവർഷം ഏകദേശം 200 ബില്യൺ ഡോളറിന്റെ വ്യാപാരമാണ് ഇവിടെ നടക്കുന്നത്. കൂടാതെ, കഴിഞ്ഞ ദശകത്തിൽ ഈ മേഖലയിൽ നിന്ന് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലേക്ക് ഗണ്യമായ നിക്ഷേപം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ ഊർജ സുരക്ഷയിൽ ഈ പ്രദേശം നിർണായകമാണെന്നും രാജ്യത്തിന് ആവശ്യമായ എണ്ണയും വാതകവും വിതരണം ചെയ്യുന്ന രാജ്യങ്ങൾ ഇവിടെയാണെന്നും അദ്ദേഹം പറഞ്ഞു.
"ഈ സാഹചര്യത്തിൽ ഇറാനുമായുള്ള ഉന്നതതല ബന്ധങ്ങൾ ബുദ്ധിമുട്ടേറിയതാണ്. എങ്കിലും ഇറാൻ വിദേശകാര്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്," ജയശങ്കർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ നേരിട്ട് നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സംഘർഷം തുടങ്ങിയതുമുതൽ തന്നെ അവിടുത്തെ സാഹചര്യം സർക്കാർ ഗൗരവമായി വിലയിരുത്തുന്നുണ്ടെന്നും, പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നതെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി. മേഖലയിലെ സംഘർഷങ്ങൾ തങ്ങൾക്ക് കടുത്ത ആശങ്കയുണ്ടാക്കുന്നതായും അദ്ദേഹം സഭയിൽ പറഞ്ഞു.
Key Words : Iran War, India, Clash

COMMENTS