അമ്പലപ്പുഴ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുൻമന്ത്രി ജി. സുധാകരന് യുഡി...
അമ്പലപ്പുഴ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുൻമന്ത്രി ജി. സുധാകരന് യുഡിഎഫ് ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിച്ചു. പാർട്ടി നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ് ഇടതുമുന്നണി വിട്ട സുധാകരൻ സ്വതന്ത്രനായി ജനവിധി തേടാൻ തീരുമാനിച്ചതോടെയാണ് നാടകീയ നീക്കങ്ങൾക്കൊടുവിൽ യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചത്.
മണ്ഡലത്തിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്താതെ സുധാകരനെ പിന്തുണയ്ക്കാനാണ് കോൺഗ്രസ് ഹൈക്കമാൻഡിന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും തീരുമാനം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യുഡിഎഫ് നേതാക്കൾക്കിടയിൽ സുധാകരനെ പിന്തുണയ്ക്കുന്നതിനെ ചൊല്ലി സജീവമായ ചർച്ചകൾ നടന്നിരുന്നു. സുധാകരൻ നേരത്തെ കോൺഗ്രസ് നേതാക്കളുമായി ചർച്ചകൾ നടത്തിയിരുന്നെങ്കിലും പിന്തുണയുടെ കാര്യത്തിൽ അന്തിമ തീരുമാനം വൈകുകയായിരുന്നു.
ഇന്നലെ നടന്ന നിർണ്ണായക ചർച്ചകൾക്കൊടുവിൽ സുധാകരൻ യുഡിഎഫ് പിന്തുണ സ്വീകരിക്കാൻ തയ്യാറായതോടെയാണ് മുന്നണി നിലപാട് വ്യക്തമാക്കിയത്. ഇടതുപക്ഷ വോട്ടുകളിൽ വിള്ളലുണ്ടാക്കാനും സുധാകരന്റെ വ്യക്തിപ്രഭാവം വോട്ടാക്കി മാറ്റാനും ഈ സഖ്യത്തിലൂടെ സാധിക്കുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. ഇതോടെ അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പോരാട്ടം അത്യന്തം വാശിയേറിയ ഒന്നായി മാറി.
Key Words : UDF , G. Sudhakaran, Ambalapuzha, Congress , Election


COMMENTS