പറവൂർ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് നൂറിലധികം സീറ്റുകൾ ലഭിക്കുമെന്നും, അല്ലാത്തപക്ഷം താൻ രാഷ്ട്രീയ വനവാസത്തിന് തയ്യാറാണെന...
പറവൂർ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് നൂറിലധികം സീറ്റുകൾ ലഭിക്കുമെന്നും, അല്ലാത്തപക്ഷം താൻ രാഷ്ട്രീയ വനവാസത്തിന് തയ്യാറാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
പറവൂർ നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് വരാപ്പുഴയിൽ നടത്തിയ റോഡ് ഷോയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രഖ്യാപനം.
തിരഞ്ഞെടുപ്പ് ഫലം അനുകൂലമല്ലെങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുമെന്ന് അദ്ദേഹം ആവർത്തിച്ചു. "യുഡിഎഫിന് നൂറിൽ താഴെ സീറ്റുകളാണ് ലഭിക്കുന്നതെങ്കിൽ പിന്നെ താൻ രാഷ്ട്രീയത്തിലുണ്ടാകില്ല, വനവാസത്തിന് പോകും" എന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ ശക്തമായ ഭരണവിരുദ്ധ തരംഗമുണ്ടെന്നും ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എറണാകുളം ജില്ലയിലെ 14 സീറ്റുകളിലും യുഡിഎഫ് വിജയിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. വരാപ്പുഴയിൽ നിന്ന് ആരംഭിച്ച് പറവൂർ നഗരത്തിൽ അവസാനിച്ച റോഡ് ഷോയിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പറവൂർ മണ്ഡലത്തിൽ നിന്നും ആറാം തവണയാണ് വി.ഡി. സതീശൻ ജനവിധി തേടുന്നത്.
Key Words : UDF, Political exile, V.D. Satheesan, Kerala Election

COMMENTS