വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ മൂന്നാഴ്ചയായി തുടരുന്ന യുദ്ധത്തിന് അന്ത്യം കുറിക്കാൻ ലക്ഷ്യമിട്ട് ഇറാനുമായി പുതിയ സമാധാന കരാറിന് അമേരിക്കൻ പ്രസിഡന്...
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ മൂന്നാഴ്ചയായി തുടരുന്ന യുദ്ധത്തിന് അന്ത്യം കുറിക്കാൻ ലക്ഷ്യമിട്ട് ഇറാനുമായി പുതിയ സമാധാന കരാറിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നീക്കം തുടങ്ങുന്നു. യുദ്ധം ആഗോള എണ്ണവിപണിയെയും അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെയും പ്രതികൂലമായി ബാധിച്ചു തുടങ്ങിയ സാഹചര്യത്തിലാണ് ട്രംപിന്റെ അടിയന്തര ഇടപെടൽ.
സമാധാന ചർച്ചകൾക്കായി തന്റെ ഏറ്റവും അടുത്ത വിശ്വസ്തരായ ജാരെദ് കുഷ്നറെയും സ്റ്റീവൻ വിറ്റ്കോഫിനെയും ട്രംപ് ചുമതലപ്പെടുത്തിയതായാണ് വിവരം. ഇറാന്റെ ഉന്നത പ്രതിനിധികളുമായി രഹസ്യ ചർച്ചകൾ നടത്തി യുദ്ധം വ്യാപിക്കുന്നത് തടയണമെന്നാണ് ഇവർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ട്രംപിന്റെ ആദ്യ ഭരണകാലത്ത് പശ്ചിമേഷ്യൻ രാജ്യങ്ങളുമായി 'അബ്രഹാം ഉടമ്പടി' (Abraham Accords) ഒപ്പിടുന്നതിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തിയാണ് ജാരെദ് കുഷ്നർ.
"എനിക്ക് വേണ്ടത് യുദ്ധമല്ല, സമാധാനമാണ്" എന്ന് ട്രംപ് തന്റെ അടുത്ത വൃത്തങ്ങളോട് വ്യക്തമാക്കിയതായി പ്രമുഖ വാർത്താ ഏജൻസിയായ ആക്സിയോസ് റിപ്പോർട്ട് ചെയ്തു. ഈജിപ്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ വഴി ഇറാനുമായി ആശയവിനിമയം നടത്താനാണ് നിലവിലെ നീക്കം. വെടിനിർത്തലിന് പുറമെ ഭാവിയിൽ യുദ്ധമുണ്ടാകില്ലെന്ന ഉറപ്പും ഇറാൻ ആവശ്യപ്പെടുമെന്നാണ് സൂചന.
യുദ്ധം മൂലം ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർദ്ധനവ് ആഗോളതലത്തിൽ വലിയ ആശങ്കയുണ്ടാക്കിയിരുന്നു. ഈ പശ്ചാത്തലത്തിൽ ട്രംപിന്റെ പുതിയ സമാധാന നീക്കങ്ങളെ ലോകരാഷ്ട്രങ്ങൾ ഉറ്റുനോക്കുകയാണ്.
Key Words : Donald Trump, Iran War, Kushner,Witkoff

COMMENTS