വാഷിംഗ്ടൺ: ക്യൂബയ്ക്കുമേൽ ഏർപ്പെടുത്തിയിരുന്ന കർശനമായ എണ്ണ ഉപരോധത്തിൽ അപ്രതീക്ഷിത ഇളവ് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യയുൾ...
വാഷിംഗ്ടൺ: ക്യൂബയ്ക്കുമേൽ ഏർപ്പെടുത്തിയിരുന്ന കർശനമായ എണ്ണ ഉപരോധത്തിൽ അപ്രതീക്ഷിത ഇളവ് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യയുൾപ്പെടെ ഏത് രാജ്യത്തുനിന്നും ക്യൂബയ്ക്ക് എണ്ണ ഇറക്കുമതി ചെയ്യുന്നതിനോട് തനിക്ക് നിലവിൽ എതിർപ്പില്ലെന്ന് ട്രംപ് വ്യക്തമാക്കി. ഇതോടെ മാസങ്ങളായി ഇന്ധനക്ഷാമം മൂലം വലഞ്ഞ ക്യൂബയ്ക്ക് വലിയ ആശ്വാസമായിരിക്കുകയാണ് ഈ തീരുമാനം.
റഷ്യയിൽ നിന്ന് ഏകദേശം 7.3 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി എത്തിയ 'അനാറ്റോളി കൊളോഡ്കിൻ' എന്ന ടാങ്കർ കപ്പലിന് ക്യൂബൻ തീരത്ത് അടുക്കാൻ അമേരിക്ക അനുമതി നൽകി. ഇതിനുപിന്നാലെയാണ് ട്രംപിന്റെ പ്രതികരണം വന്നത്. "ഏതെങ്കിലും രാജ്യം ക്യൂബയിലേക്ക് എണ്ണ അയക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ എനിക്കതിൽ പ്രശ്നമില്ല, അത് റഷ്യയായാലും ശരി. അവിടുത്തെ ജനങ്ങൾക്ക് വെളിച്ചവും ചൂടും മറ്റ് അവശ്യ സൗകര്യങ്ങളും ലഭിക്കേണ്ടതുണ്ട്," എന്ന് എയർഫോഴ്സ് വണ്ണിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മൂന്ന് മാസമായി അമേരിക്കൻ ഉപരോധം കടുപ്പിച്ചതിനെത്തുടർന്ന് ക്യൂബയിൽ ഇന്ധന ഇറക്കുമതി പൂർണ്ണമായും തടസ്സപ്പെട്ടിരുന്നു. ഇത് രാജ്യത്ത് വലിയ തോതിലുള്ള വൈദ്യുതി പ്രതിസന്ധിക്കും ജനരോഷത്തിനും കാരണമായിരുന്നു. വെനസ്വേലയിൽ നിന്നുള്ള എണ്ണ വിതരണത്തിന് തടസ്സം നിൽക്കുകയും ക്യൂബയ്ക്ക് എണ്ണ നൽകുന്ന രാജ്യങ്ങൾക്കുമേൽ അധിക നികുതി ഭീഷണി മുഴക്കുകയും ചെയ്ത ട്രംപിന്റെ മുൻ നിലപാടിൽ നിന്നുള്ള വലിയൊരു മാറ്റമാണിത്.
എണ്ണ ഇറക്കുമതിയിൽ മാനുഷിക പരിഗണന കണക്കിലെടുത്ത് ഇളവ് നൽകിയെങ്കിലും, ക്യൂബൻ ഭരണകൂടത്തോടുള്ള തന്റെ രാഷ്ട്രീയ വിയോജിപ്പിൽ മാറ്റമില്ലെന്ന് ട്രംപ് ആവർത്തിച്ചു. അവിടുത്തെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ഉടൻ തകരുമെന്നും ക്യൂബയിൽ ജനാധിപത്യപരമായ മാറ്റം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Key Words : Donald Trump, Oil , Cuba, Russian ship

COMMENTS