ന്യൂഡൽഹി: തൊണ്ടിമുതൽ കേസിൽ തനിക്ക് ലഭിച്ച ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യവുമായി മുൻ മന്ത്രിയും എം.എൽ.എയുമായ ആന്റണി രാജു സുപ്രീം കോടതിയെ സ...
ന്യൂഡൽഹി: തൊണ്ടിമുതൽ കേസിൽ തനിക്ക് ലഭിച്ച ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യവുമായി മുൻ മന്ത്രിയും എം.എൽ.എയുമായ ആന്റണി രാജു സുപ്രീം കോടതിയെ സമീപിക്കുന്നു. ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന അദ്ദേഹത്തിന്റെ ഹർജി കേരള ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് അപ്പീലുമായി പരമോന്നത കോടതിയിലേക്ക് നീങ്ങുന്നത്.
തൊണ്ടിമുതൽ കേസിലെ ശിക്ഷ നിലനിൽക്കുന്നതിനാൽ എം.എൽ.എ സ്ഥാനത്തുനിന്ന് ആന്റണി രാജുവിനെ അയോഗ്യനാക്കിയിരുന്നു. ഹൈക്കോടതി വിധി അനുകൂലമാകാത്ത പക്ഷം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ അദ്ദേഹത്തിന് മത്സരിക്കാൻ സാധിക്കില്ല. ക്രിമിനൽ പശ്ചാത്തലമുള്ളവർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് തടയേണ്ടത് അനിവാര്യമാണെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി ആന്റണി രാജുവിന്റെ ഹർജി നിരസിച്ചത്.
1990-ൽ തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരിമരുന്നുമായി പിടിയിലായ വിദേശിയെ രക്ഷിക്കാനായി, കേസിലെ പ്രധാന തൊണ്ടിമുതലായ അടിവസ്ത്രം വെട്ടിത്തയ്ച്ച് രൂപമാറ്റം വരുത്തി തെളിവ് നശിപ്പിച്ചു എന്നതാണ് ആന്റണി രാജുവിനെതിരെയുള്ള കുറ്റം. ഈ കേസിൽ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി അദ്ദേഹത്തിന് മൂന്ന് വർഷം തടവുശിക്ഷ വിധിച്ചിരുന്നു.
ജില്ലാ സെഷൻസ് കോടതി ശിക്ഷാ കാലാവധി മരവിപ്പിച്ചിട്ടുണ്ടെങ്കിലും, കുറ്റക്കാരനാണെന്ന വിധി നിലനിൽക്കുന്നത് രാഷ്ട്രീയ പ്രവർത്തനത്തിന് തടസ്സമാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ആന്റണി രാജുവിന്റെ നീക്കം.
Key Words : Thondimuthal case, Antony Raju, Supreme Court

COMMENTS