ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചർച്ചകൾ എൻഡിഎ സഖ്യം പൂർത്തിയാക്കി. ആകെയുള്ള 234 മണ്ഡലങ്ങളിൽ എടപ്പാടി കെ. പളനിസ്വാ...
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചർച്ചകൾ എൻഡിഎ സഖ്യം പൂർത്തിയാക്കി. ആകെയുള്ള 234 മണ്ഡലങ്ങളിൽ എടപ്പാടി കെ. പളനിസ്വാമി നയിക്കുന്ന എഐഎഡിഎംകെ 178 സീറ്റുകളിൽ ജനവിധി തേടും. സഖ്യത്തിലെ പ്രധാന കക്ഷിയായ ബിജെപിക്ക് ഇത്തവണ 27 സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്.
മറ്റ് ഘടകകക്ഷികളായ പിഎംകെയ്ക്ക് 18 സീറ്റുകളും എഎംഎംകെയ്ക്ക് 11 സീറ്റുകളും ലഭിച്ചു. കഴിഞ്ഞ 2021-ലെ തെരഞ്ഞെടുപ്പിനേക്കാൾ 7 സീറ്റുകൾ അധികം ബിജെപിക്ക് ഇത്തവണ ലഭിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. സീറ്റ് വിഭജന ചർച്ചകൾ സുഗമമായാണ് നടന്നതെന്നും ഔദ്യോഗികമായ അന്തിമ തീരുമാനം എടുത്തതായും എഐഎഡിഎംകെ നേതാവ് എടപ്പാടി കെ. പളനിസ്വാമി അറിയിച്ചു. മറ്റ് ചില പാർട്ടികളുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും അവരുടെ കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഡിഎംകെ-കോൺഗ്രസ് സഖ്യത്തെ തമിഴ്‌നാട്ടിലെ ജനങ്ങൾ തള്ളിക്കളയുമെന്ന് ബിജെപി തമിഴ്‌നാട് ചുമതലയുള്ള കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പ്രതികരിച്ചു. മഹാരാഷ്ട്ര, ഹരിയാന, ബിഹാർ, ഡൽഹി എന്നിവിടങ്ങളിൽ കോൺഗ്രസ് സഖ്യം നേരിട്ട പരാജയം തമിഴ്‌നാട്ടിലും ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Key Words : Tamil Nadu Assembly Elections, Seat-Sharing, NDA , AIADMK

COMMENTS