തളിപ്പറമ്പ്: തളിപ്പറമ്പ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പി.കെ. ശ്യാമളയും ഭർത്താവും സിപീഎം സംസ്ഥാന സെക്രട്ടറിയുമായ എം.വി. ഗോവിന്ദനും ചേർന്ന് ര...
തളിപ്പറമ്പ്: തളിപ്പറമ്പ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പി.കെ. ശ്യാമളയും ഭർത്താവും സിപീഎം സംസ്ഥാന സെക്രട്ടറിയുമായ എം.വി. ഗോവിന്ദനും ചേർന്ന് രണ്ട് കോടി രൂപയുടെ ആസ്തിയുള്ളതായി സത്യവാങ്മൂലം. നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച രേഖകളിലാണ് സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തിയത്.
സ്ഥാനാർഥിയായ പി.കെ. ശ്യാമളയ്ക്ക് വിവിധ ബാങ്കുകളിലായി 32.61 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. ഇതിൽ പാപ്പിനിശ്ശേരി സഹകരണ ബാങ്കിൽ 7.5 ലക്ഷവും മോറാഴ സഹകരണ ബാങ്കിൽ 2.5 ലക്ഷവും ഉൾപ്പെടുന്നു. കൂടാതെ 16 ലക്ഷം രൂപ വിലമതിക്കുന്ന 120 ഗ്രാം സ്വർണാഭരണങ്ങളും അഞ്ച് ലക്ഷം രൂപയുടെ കാറും ശ്യാമളയുടെ പേരിലുണ്ട്. ചാവശ്ശേരി, കൊളാരി, കുറുമാത്തൂർ വില്ലേജുകളിലായി ഏകദേശം 50 ലക്ഷം രൂപ വിലമതിക്കുന്ന 4.641 ഏക്കർ ഭൂമിയും ഇവർക്കുണ്ട്. കൈവശം 8000 രൂപയും മലയാളം കമ്മ്യൂണിക്കേഷനിൽ ഒരു ലക്ഷം രൂപയുടെ ഓഹരിയുമുണ്ട്.
എം.വി. ഗോവിന്ദന്റെ പക്കൽ 5000 രൂപയാണ് കൈവശമുള്ളത്. എന്നാൽ വിവിധ ബാങ്കുകളിലും ട്രഷറികളിലുമായി 55.48 ലക്ഷം രൂപയുടെ സമ്പാദ്യമുണ്ട്. തിരുവനന്തപുരം ലെജിസ്ലേറ്റീവ് കോംപ്ലക്സിലെ സബ് ട്രഷറിയിൽ 28 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും കല്യാശേരി-മോറാഴ ബാങ്കിലായി 20.33 ലക്ഷം രൂപയുടെ നിക്ഷേപവുമുണ്ട്. ഇതിനുപുറമെ മലയാളം കമ്മ്യൂണിക്കേഷനിൽ 10,000 രൂപയുടെ ഓഹരി പങ്കാളിത്തവും അദ്ദേഹത്തിനുണ്ട്.
ഇരുവരുടെയും നിക്ഷേപങ്ങളും ഭൂസ്വത്തുക്കളും സ്വർണവും ഉൾപ്പെടെയുള്ള ആകെ മൂല്യമാണ് രണ്ട് കോടി രൂപയോളം വരുന്നത്. സത്യവാങ്മൂലത്തിലെ വിവരങ്ങൾ പുറത്തുവന്നതോടെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഇത് ചർച്ചയായിട്ടുണ്ട്.
Key Words : Taliparamba LDF Candidate, P.K. Shyamala, M.V. Govindan

COMMENTS