പെരുമ്പാവൂർ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് നൽകുന്നതിനെച്ചൊല്ലി പെരുമ്പാവൂർ കോൺഗ്രസിൽ ഭിന്നത രൂക്ഷമാക...
പെരുമ്പാവൂർ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് നൽകുന്നതിനെച്ചൊല്ലി പെരുമ്പാവൂർ കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു. എൽദോസിനെ വീണ്ടും സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കുറുപ്പംപടിയിൽ നൂറുകണക്കിന് പ്രവർത്തകർ പ്രകടനം നടത്തി. ‘പെരുമ്പാവൂർ കുന്നപ്പിള്ളിക്കൊപ്പം’ എന്ന ബാനറുകൾ ഉയർത്തിയായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം.
അച്ചടക്ക നടപടികളുടെ ഭാഗമായും നിലവിലെ കേസുകൾ പരിഗണിച്ചും എൽദോസ് കുന്നപ്പിള്ളിക്ക് ഇത്തവണ സീറ്റ് നൽകേണ്ടതില്ലെന്നാണ് ഹൈക്കമാൻഡിന്റെ പ്രാഥമിക ധാരണ. എന്നാൽ, മണ്ഡലത്തിൽ തനിക്കുള്ള ജനപിന്തുണ അവഗണിക്കാൻ കഴിയില്ലെന്നും സീറ്റ് നിഷേധിച്ചാൽ സ്വതന്ത്രനായി മത്സരിക്കുമെന്നുമാണ് എൽദോസ് പക്ഷത്തിന്റെ നിലപാട്.
മനോജ് മൂത്തേടൻ, ഉല്ലാസ് തോമസ് എന്നിവരുടെ പേരുകളാണ് എൽദോസിന് പകരമായി പാർട്ടി പരിഗണിക്കുന്നത്. എന്നാൽ സിറ്റിംഗ് എം.എൽ.എയെ മാറ്റുന്നത് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് ഒരു വിഭാഗം പ്രാദേശിക നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു. മണ്ഡലത്തിലെ നിർണ്ണായക ശക്തിയായ യാക്കോബായ സഭയുടെ പിന്തുണയും എൽദോസിനുണ്ടെന്നാണ് സൂചന. സ്ഥാനാർത്ഥി നിർണ്ണയത്തിലെ ഈ തർക്കം പരിഹരിക്കാനാവാതെ കുഴങ്ങുകയാണ് കെ.പി.സി.സി നേതൃത്വം.
Key Words : Eldos Kunnppillil, Perumbavoor, Election

COMMENTS