കോഴിക്കോട്/മലപ്പുറം: സംസ്ഥാനത്ത് തുടരുന്ന കനത്ത ഉഷ്ണതരംഗത്തിന് ആശ്വാസമായി വിവിധയിടങ്ങളിൽ ശക്തമായ വേനൽമഴ പെയ്തു. മലബാർ ജില്ലകളിലാണ് മഴ കനത്തത...
കോഴിക്കോട്/മലപ്പുറം: സംസ്ഥാനത്ത് തുടരുന്ന കനത്ത ഉഷ്ണതരംഗത്തിന് ആശ്വാസമായി വിവിധയിടങ്ങളിൽ ശക്തമായ വേനൽമഴ പെയ്തു. മലബാർ ജില്ലകളിലാണ് മഴ കനത്തത്. മഴയോടൊപ്പം ഉണ്ടായ ശക്തമായ കാറ്റിലും ഇടിമിന്നലിലും വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മലപ്പുറം എടവണ്ണയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. പാലപ്പറ്റ സ്വദേശി കാരി (65) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് വീടിന് പുറത്ത് നിൽക്കുമ്പോഴായിരുന്നു അപകടം.
കണ്ണൂർ, കോഴിക്കോട് ജില്ലകളുടെ മലയോര മേഖലകളിൽ ഉച്ചയോടെയാണ് മഴ ആരംഭിച്ചത്. കണ്ണൂർ നഗരം, തളിപ്പറമ്പ്, ഇരിട്ടി, മട്ടന്നൂർ തുടങ്ങിയ ഭാഗങ്ങളിൽ ഒരു മണിക്കൂറോളം മഴ നീണ്ടുനിന്നു. കോഴിക്കോട് ജില്ലയിലെ മുക്കം, തിരുവമ്പാടി, കൂരാച്ചുണ്ട് മേഖലകളിലും ശക്തമായ കാറ്റോടു കൂടിയ മഴ ലഭിച്ചു.
ശക്തമായ കാറ്റിൽ കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ്, പാനൂർ മേഖലകളിൽ മരങ്ങൾ വീണ് വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. പലയിടങ്ങളിലും വൈദ്യുത ലൈനുകൾ പൊട്ടിവീണതിനെത്തുടർന്ന് വൈദ്യുതി ബന്ധം പൂർണ്ണമായും തടസ്സപ്പെട്ടു. കോഴിക്കോട്-വയനാട് റോഡിൽ മരം വീണ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
അടുത്ത മൂന്ന് ദിവസത്തേക്ക് കൂടി സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. മഴ പെയ്തതോടെ അന്തരീക്ഷ താപനിലയിൽ നേരിയ കുറവുണ്ടായെങ്കിലും പാലക്കാട്, തൃശൂർ ജില്ലകളിൽ ഉയർന്ന ചൂട് തുടരുകയാണ്. ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
Key Words : Kerala, Rain

COMMENTS