ടെഹ്റാൻ: ഇസ്രയേലിൻ്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന് വേണ്ടി ചാരപ്പണി നടത്തിയെന്ന കുറ്റത്തിന് കുറോഷ് കെയ്‌വാനി എന്നയാളുടെ വധശിക്ഷ ഇറാൻ നടപ്പ...
ടെഹ്റാൻ: ഇസ്രയേലിൻ്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന് വേണ്ടി ചാരപ്പണി നടത്തിയെന്ന കുറ്റത്തിന് കുറോഷ് കെയ്‌വാനി എന്നയാളുടെ വധശിക്ഷ ഇറാൻ നടപ്പാക്കി. ഇറാന്റെ ജുഡീഷ്യറി വാർത്താ ഏജൻസിയായ 'മിസാൻ' ആണ് ബുധനാഴ്ച രാവിലെ ശിക്ഷ നടപ്പാക്കിയ വിവരം പുറത്തുവിട്ടത്.
ഇറാന്റെ തന്ത്രപ്രധാനമായ സൈനിക, സുരക്ഷാ കേന്ദ്രങ്ങളുടെ രഹസ്യ വിവരങ്ങളും ചിത്രങ്ങളും ശേഖരിച്ച് ഇസ്രയേൽ ഏജന്റുകൾക്ക് കൈമാറി എന്നതാണ് ഇയാൾക്കെതിരെ ചുമത്തപ്പെട്ട പ്രധാന കുറ്റം. ആറ് യൂറോപ്യൻ രാജ്യങ്ങളിലും തെൽ അവീവിലും വെച്ച് ഇയാൾ മൊസാദ് ഉദ്യോഗസ്ഥരിൽ നിന്ന് പ്രത്യേക പരിശീലനം നേടിയതായും ഇറാൻ അധികൃതർ ആരോപിക്കുന്നു.
കഴിഞ്ഞ ജൂണിൽ ഇറാനും ഇസ്രയേലും തമ്മിൽ നടന്ന 12 ദിവസത്തെ സംഘർഷത്തിനിടെയാണ് കെയ്‌വാനി പിടിയിലായത്. കീഴ്ക്കോടതി വിധിച്ച വധശിക്ഷ ഇറാന്റെ സുപ്രീം കോടതി ശരിവെച്ചതിനെത്തുടർന്നാണ് ശിക്ഷാ നടപടികളിലേക്ക് നീങ്ങിയത്. സമാനമായ ചാരവൃത്തി കുറ്റത്തിന് കഴിഞ്ഞ ജനുവരിയിലും ഇറാൻ ഒരാളുടെ വധശിക്ഷ നടപ്പാക്കിയിരുന്നു. മേഖലയിൽ ഇസ്രയേലുമായുള്ള സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ചാരവൃത്തിക്കെതിരെ കർശന നടപടികളാണ് ഇറാൻ സ്വീകരിക്കുന്നത്.
Key Words : Spying, Mossad, Iran , Execution

COMMENTS