തിരുവനന്തപുരം: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ എസ്ഡിപിഐയുടെ പിന്തുണ തേടിയിട്ടില്ലെന്നും അത്തരം പ്രചാരണങ്ങൾ തീർത്തും വസ്തുതാവിരുദ്ധമാണെന്നും മു...
തിരുവനന്തപുരം: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ എസ്ഡിപിഐയുടെ പിന്തുണ തേടിയിട്ടില്ലെന്നും അത്തരം പ്രചാരണങ്ങൾ തീർത്തും വസ്തുതാവിരുദ്ധമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയതയുമായി ഇടതുമുന്നണിക്ക് യാതൊരുവിധ സന്ധിയുമില്ലെന്നും ശുദ്ധമായ വർഗീയ വിരുദ്ധ നിലപാടാണ് എൽഡിഎഫിന്റേതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ബിജെപിയെ പരാജയപ്പെടുത്താൻ എൽഡിഎഫാണ് നല്ലതെന്ന് കരുതുന്നവർ കാണുമെന്നും എന്നാൽ അത് ഏതെങ്കിലും തരത്തിലുള്ള ധാരണയുടെ ഭാഗമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നേമത്തെ മുൻപത്തെ സാഹചര്യം വേറെയായിരുന്നുവെന്നും ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുമെന്ന് പ്രഖ്യാപിച്ചാണ് 2021ൽ എൽഡിഎഫ് മത്സരിച്ചതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വിഴിഞ്ഞം പദ്ധതിയും ഐടി വികസനവും
വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ വികസന ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചു. ട്രാൻഷിപ്പ്മെന്റ് രംഗത്ത് വലിയ സാധ്യതകളാണ് പദ്ധതി തുറന്നിടുന്നത്. 2028-ഓടെ തുറമുഖത്തിന്റെ നാല് ഘട്ടങ്ങളും പൂർത്തിയാക്കുമെന്നും ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം മാത്രം 125 കോടി രൂപയുടെ വരുമാനം വിഴിഞ്ഞത്ത് നിന്ന് ലഭിച്ചു. ഐടി മേഖലയിലും വലിയ മുന്നേറ്റമാണ് ഉണ്ടായത്. ഐടി പാർക്കുകൾ വഴിയുള്ള കയറ്റുമതിയിൽ 200 ശതമാനം വളർച്ചയുണ്ടായതായും കഴിഞ്ഞ 10 വർഷത്തിനിടെ 70,000 അധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.
കൊല്ലം വിവാദത്തിൽ മറുപടി
കൊല്ലത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ എഴുന്നേറ്റു പോയ സംഭവത്തിലും മുഖ്യമന്ത്രി വിശദീകരണം നൽകി. "മുപ്പതോ നാൽപ്പതോ മിനിറ്റ് സംസാരിക്കുന്നതാണ് രീതി. തിരഞ്ഞെടുപ്പ് തിരക്ക് പരിഗണിച്ചാണ് സമയം ക്രമീകരിക്കുന്നത്. സമയം ദീർഘിച്ചപ്പോഴാണ് എഴുന്നേറ്റത്. എന്നാൽ ചിലർ ബഹളത്തിന് തയ്യാറായി വന്നതുപോലെ തോന്നി. കാര്യങ്ങൾ വ്യക്തമാക്കുന്നതാണ് നല്ലതെന്ന് തോന്നിയതുകൊണ്ടാണ് തിരിച്ചു വന്നത്," മുഖ്യമന്ത്രി പറഞ്ഞു. കാര്യങ്ങൾ എങ്ങനെ വക്രീകരിക്കാം എന്നതിന്റെ തെളിവാണ് ഈ വിവാദമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Key Words : SDPI, Vizhinjam, CM Pinarayi Vijayan

COMMENTS