ന്യൂഡൽഹി: ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ, ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ കപ്പലുകളുടെയും ജീവനക്കാരുടെയും സുരക്ഷ...
ന്യൂഡൽഹി: ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ, ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ കപ്പലുകളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ ഇറാനുമായി ഉന്നതതല ചർച്ചകൾ നടത്തി ഇന്ത്യ. മേഖലയിലൂടെയുള്ള ഇന്ത്യൻ കപ്പലുകളുടെ യാത്ര സുരക്ഷിതമാക്കണമെന്നും ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കണമെന്നും ഇന്ത്യ ഇറാനോട് ആവശ്യപ്പെട്ടു.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാനിയൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരാഗ്‌ചിയുമായി ടെലിഫോണിൽ സംസാരിക്കുകയും സമുദ്രയാത്രയുടെ സുരക്ഷയും ഇന്ത്യയുടെ ഊർജ്ജ ആവശ്യങ്ങളും സംബന്ധിച്ച ആശങ്കകൾ പങ്കുവെക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനുമായും ഈ വിഷയം ചർച്ച ചെയ്തിട്ടുണ്ട്.
നിലവിൽ ഹോർമുസ് കടലിടുക്കിന് ഇരുവശങ്ങളിലുമായി ഏകദേശം 28 ഇന്ത്യൻ കപ്പലുകൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. ഈ കപ്പലുകളിലായി 778-ഓളം ഇന്ത്യൻ ജീവനക്കാരുണ്ട്. ചർച്ചകളെത്തുടർന്ന് 'പുഷ്പക്', 'പരിമൾ' എന്നീ രണ്ട് കപ്പലുകൾക്ക് കടലിടുക്ക് കടക്കാൻ ഇറാൻ അനുമതി നൽകിയതായി സൂചനയുണ്ടെങ്കിലും, ഔദ്യോഗിക സ്ഥിരീകരണം നൽകാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം തയ്യാറായിട്ടില്ല. കപ്പലുകൾക്ക് പ്രത്യേക അനുമതി ലഭിച്ചുവെന്ന വാർത്തകൾ ഇപ്പോൾ സ്ഥിരീകരിക്കുന്നത് അകാലമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, മേഖലയിലെ സംഘർഷാവസ്ഥയ്ക്ക് കാരണം യുഎസിന്റെയും ഇസ്രായേലിന്റെയും നീക്കങ്ങളാണെന്നാണ് ഇറാൻ്റെ നിലപാട്. ഇന്ത്യൻ കപ്പലുകളുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തി ഇന്ത്യൻ നാവികസേനയും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കാനും തടസ്സമില്ലാത്ത കപ്പൽ ഗതാഗതം ഉറപ്പാക്കാനുമാണ് ഇന്ത്യയുടെ ശ്രമം.
Key Words : Indian ships, Strait of Hormuz, Iran War

COMMENTS