മുംബൈ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 92.45-ലേക്കാണ് വ...
മുംബൈ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 92.45-ലേക്കാണ് വെള്ളിയാഴ്ച രൂപ കൂപ്പുകുത്തിയത്. ഒറ്റദിവസം കൊണ്ട് 20 പൈസയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ക്രൂഡ് ഓയിൽ വില ബാരലിന് 101 ഡോളർ കടന്നതും ആഗോള വിപണിയിലെ അനിശ്ചിതത്വവുമാണ് രൂപയ്ക്ക് തിരിച്ചടിയായത്.
വ്യാഴാഴ്ച 92.25 എന്ന നിരക്കിലായിരുന്നു രൂപ വ്യാപാരം അവസാനിപ്പിച്ചിരുന്നത്. എന്നാൽ വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ 92.33-ലേക്ക് താഴുകയും, ഒരു ഘട്ടത്തിൽ 92.47 വരെ എത്തുകയും ചെയ്തു. ഒടുവിൽ വിപണി അടയ്ക്കുമ്പോൾ മൂല്യം 92.45-ൽ (താൽക്കാലികം) നിലയുറപ്പിച്ചു.
ഇറാൻ-ഇസ്രായേൽ സംഘർഷം ശക്തമായതോടെ ആഗോള എണ്ണ വിപണിയിൽ വില കുതിച്ചുയർന്നു. ബ്രെന്റ് ക്രൂഡ് 1.41 ശതമാനം വർധിച്ച് ബാരലിന് 101.9 ഡോളറിലെത്തി.
ആഗോള വിപണിയിൽ അമേരിക്കൻ ഡോളർ കൂടുതൽ കരുത്താർജ്ജിക്കുന്നത് രൂപയുൾപ്പെടെയുള്ള മറ്റ് കറൻസികളെ ദുർബലപ്പെടുത്തി. ഇന്ത്യൻ ഓഹരി വിപണിയിലുണ്ടായ വൻ തകർച്ചയും രൂപയെ ബാധിച്ചു. സെൻസെക്സ് 1,470 പോയിന്റും നിഫ്റ്റി 488 പോയിന്റും ഇടിഞ്ഞു.
വിദേശ നിക്ഷേപകർ വൻതോതിൽ ഇന്ത്യൻ വിപണിയിൽ നിന്ന് പണം പിൻവലിക്കുന്നത് തുടരുകയാണ്. വ്യാഴാഴ്ച മാത്രം 7,049.87 കോടി രൂപയുടെ ഓഹരികളാണ് വിദേശ സ്ഥാപനങ്ങൾ വിറ്റഴിച്ചത്.
പണപ്പെരുപ്പ ഭീഷണിയും ക്രൂഡ് ഓയിൽ വിലക്കയറ്റവും വരും ദിവസങ്ങളിലും രൂപയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. വരും ആഴ്ചകളിൽ രൂപയുടെ മൂല്യം 92.10 നും 92.80 നും ഇടയിലായിരിക്കാനാണ് സാധ്യത.
Key Words : Rupee, dollar, Iran War

COMMENTS